കേരളം

kerala

ETV Bharat / state

മാന്നാനത്ത് ഭീതി പരത്തി ആഫ്രിക്കൻ ഒച്ചുകള്‍ ; ദുരിതത്തിലായി പ്രദേശവാസികള്‍ - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത

വീടിന്‍റെ മുറ്റത്തും അടുക്കളയിലും, മതിലിലും ,കിണറ്റിൻകരയിലും, പറമ്പിലെ വാഴയിലും, പപ്പായ മരത്തിലും വ്യാപകമായി ഇവ കാണപ്പെടുന്നു. വാഴയുടെയും പപ്പായയുടെയും ഇലകൾ ഇവ തിന്നുതീർക്കും

african snail  kottayam mannanam  african snail in kottayam  african snail destroy farming  latest news in kottayam  latest news today  ആഫ്രിക്കൻ ഒച്ചുകള്‍  ഭീതിപരത്തി ആഫ്രിക്കൻ ഒച്ചുകള്‍  ദുരിതത്തിലായി പ്രദേശവാസികള്‍  ഒച്ചുശല്യം  ഇലകൾ ഇവ തിന്നു തീർക്കും  അന്തരീക്ഷത്തിലെ ഈർപ്പവുമാണ്  ഉപ്പ് പൊടിയിട്ട് കൊല്ലുക  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആഫ്രിക്കന്‍ ഒച്ച്

By

Published : Dec 6, 2022, 7:40 AM IST

Updated : Dec 6, 2022, 1:44 PM IST

കോട്ടയം : ജില്ലയില്‍ ഭീതി പരത്തി ആഫ്രിക്കന്‍ ഒച്ചുകള്‍. മാന്നാനം കവലയ്ക്ക് സമീപമുള്ള വീട്ടുകാരാണ് ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യം മൂലം പൊറുതിമുട്ടിയിരിക്കുന്നത്. ഈ പ്രദേശത്തെ വീടുകൾക്കുള്ളിലും പറമ്പിലും ആഫ്രിക്കൻ ഒച്ചിന്‍റെ വിളയാട്ടമാണ്.

മഴ ശക്തമായതോടെ അതിരമ്പുഴ പഞ്ചായത്തിലെ 15,16,17,18 വാർഡുകളിലാണ് ആഫ്രിക്കൻ ഒച്ചുകൾ പെരുകിയത്. വീടിന്‍റെ മുറ്റത്തും അടുക്കളയിലും, മതിലിലും ,കിണറ്റിൻകരയിലും, പറമ്പിലെ വാഴയിലും, പപ്പായ മരത്തിലും വ്യാപകമായി ഇവ കാണപ്പെടുന്നു. വാഴയുടെയും പപ്പായയുടെയും ഇലകൾ ഇവ തിന്നുതീർക്കും.

മുറ്റത്തെ ചെടികളിലും ആഫ്രിക്കൻ ഒച്ചുകൾ നിറഞ്ഞിരിക്കുകയാണ്. പരിഹാര നടപടികൾ ഇല്ലാതെ വന്നതോടെ ഒച്ചുശല്യം സഹിക്കാനാകാതെ നാട്ടുകാർ ദുരിതത്തിലായി. മഴ പെയ്‌താൽ ഇവ വീടുകളിലും മുറികളിലും പാത്രങ്ങളിലുമെല്ലാം വന്നിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

മാന്നാനത്ത് ഭീതിപരത്തി ആഫ്രിക്കൻ ഒച്ചുകള്‍

ഉപ്പ് വിതറുമ്പോൾ ഇവയുടെ ശരീരത്തിൽ നിന്ന് അസഹ്യമായ ദുർഗന്ധം ഉണ്ടാകുന്നു. ഒച്ചുകളെ സ്‌പർശിച്ചാൽ പുകച്ചിലും എരിച്ചിലുമുണ്ടാകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. ദിവസേന നൂറുകണക്കിനെണ്ണത്തെയാണ് ഉപ്പുവിതറി താല്‍ക്കാലികമായി തുരത്തുന്നത്.

എന്നാൽ, ഓരോ ദിവസവും ഒച്ചുശല്യം കൂടുതലായി വരുന്നത് പ്രദേശത്ത് ആശങ്കയുയര്‍ത്തുന്നു. കഴിഞ്ഞ ഏഴുമാസമായി ഒച്ചുശല്യം തുടരുകയാണ്. ഇത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഉപ്പ് വിതറാനാണ് നിർദേശിച്ചത്.

മഴയുടെ തോതും അന്തരീക്ഷത്തിലെ ഈർപ്പവുമാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കാൻ കാരണം. ഒച്ചുശല്യം മൂലം കൃഷിനാശവും ഉണ്ടാകുന്നു. പ്രദേശത്തെ വാഴ, കപ്പ തുടങ്ങിയ കൃഷികൾ നശിക്കുകയാണ്. സന്ധ്യ മയങ്ങിയാൽ ഒച്ച്, പ്രദേശത്തെ പുരയിടങ്ങളിലും മതിലുകളിലും വീടിന്‍റെ ഭിത്തിയിലും ഒക്കെ നിറഞ്ഞുനിൽക്കും.

കൃഷിയിടങ്ങളിലെ ഇലകൾ തിന്ന് നശിപ്പിക്കുകയും മതിലിലും മുറ്റത്തും വാഴയിലും പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ഉപ്പ് പൊടിയിട്ട് കൊല്ലുക വഴി താല്‍ക്കാലികമായി മാത്രമേ ഇവയെ തുരത്താന്‍ കഴിയൂവെന്നും നാട്ടുകാര്‍ വിവരിക്കുന്നു.

ഇവയെ നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ സ്വീകരിക്കുന്നതിനായി പഞ്ചായത്ത്, ആരോഗ്യവിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. ഒച്ചുകൾ മസ്‌തിഷ്‌ക ജ്വരത്തിന് വരെ കാരണമായേക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കിണറുകളിലും ഒച്ചിന്‍റെ സാന്നിധ്യം കണ്ടതോടെ മൂടി സൂക്ഷിക്കാനും ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Last Updated : Dec 6, 2022, 1:44 PM IST

ABOUT THE AUTHOR

...view details