കോട്ടയം: ബംഗളൂരുവില്‍ നിന്നും പ്രത്യേക ട്രെയിനിൽ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത് 400 പേർ. യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ എട്ടു പേരെയും ആസ്വസ്ഥത അനുഭവപ്പെട്ട ഒരാളെയും ആശുപത്രിയിലേക്ക് മാറ്റി. എട്ടുപേരെ കോട്ടയം പാത്തമുട്ടത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. മറ്റുള്ളവർക്ക് ഗാർഹിക നിരീക്ഷണത്തിൽ പോകാനാണ് നിർദ്ദേശം.
പ്രത്യേക ട്രെയിനിൽ ബംഗളൂരുവില്‍ നിന്നും കോട്ടയത്ത് എത്തിയത് 400 പേർ
400 പേരിൽ 261പേർ കോട്ടയം ജില്ലയിൽ നിന്നുളളവരും 103 പേർ പത്തനംതിട്ട ജില്ലകാരും 34 പേർ ആലപ്പുഴക്കാരും രണ്ടു പേർ ഇടുക്കി സ്വദേശികളുമാണ്
ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിനില്‍ രാവിലെ 11 മണിയോടെയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിനിലെത്തിയ 400 പേരിൽ 261പേർ കോട്ടയം ജില്ലയിൽ നിന്നുളളവരും 103 പേർ പത്തനംതിട്ട ജില്ലകാരും 34 പേർ ആലപ്പുഴക്കാരും രണ്ടു പേർ ഇടുക്കി സ്വദേശികളുമാണ്. ഓണ്‍ലൈനില്‍ അനുമതി നേടിയിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചത് റെയിൽവേ സ്റ്റേഷനിലെ പ്രവർത്തനങ്ങൾ സുഗമമാക്കി. വ്യക്തിഗത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്വാറന്‍റൈന്‍ ക്രമീകരണമടക്കമുള്ളവയേർപ്പെടുത്തി.
മെഡിക്കൽ പരിശോധന, ലഗേജുകളുടെ അണു നശീകരണം എന്നിവ ഒന്നര മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിച്ചു. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസുകളിലും ടാക്‌സി കാറുകളിലുമാണ് ഭൂരിഭാഗം പേരും വീടുകളിലേക്ക് പോയത്. സ്വകാര്യ വാഹനങ്ങള്‍ ഉള്ളവരെ നേരിട്ട് പോകാന്‍ അനുവദിച്ചു.