കൊല്ലം: ബാധ ഒഴിപ്പിക്കാൻ നൽകിയ പണം തിരികെ ചോദിച്ച ദമ്പതികളെയും മാതാവിനെയും കുത്തി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ ദുർമന്ത്രവാദി പിടിയിൽ. താന്നി സ്വർഗപുരം സ്വദേശി ആലുവിള വീട്ടിൽ ബലഭദ്രനെ (63) ആണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ മാർച്ച് 29 ന് വൈകിട്ട് ആറരയോടെ താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു സംഭവം. യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞാണ് ആക്രമണത്തിനിരയായവർ ഇയാളെ സമീപിച്ചത്. മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി മന്ത്രവാദി ഇവരിൽ നിന്നും ഒരു ലക്ഷം കൈപ്പറ്റി.
ബാധ മാറുന്നതിനായി വീട്ടിൽ കുഴിച്ചിടുന്നതിനായി തകിടും കൂടും നൽകുകയും ചെയ്‌തു. മന്ത്രവാദം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് മന്ത്രവാദിക്ക് പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികൾ നൽകിയ പണം തിരികെ ആവശ്യപ്പെട്ടത്. പല അവധികൾ പറഞ്ഞ ശേഷം 29ന് പണം നൽകാമെന്ന് പറഞ്ഞ് ഇവരെ പ്രതി താന്നിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി.തുടർന്ന് ഇയാൾ യുവതിയെയും മാതാവിനെയും യുവതിയുടെ ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. മന്ത്രവാദിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയുടെ മാതാവ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
Read More:പുള്ളിപ്പുലിയുടെ തൊലിയും ആനക്കൊമ്പും കടത്താൻ ശ്രമിച്ചവര്‍ പിടിയിൽ