കൊല്ലം:വിൽപത്ര വിവാദത്തിൽ കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. ആർ ബാലകൃഷ്ണപിള്ള വിൽപത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്. മൂത്ത സഹോദരി ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ബിന്ദു പറഞ്ഞു. സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ച് ആർ ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ കെ ബി ഗണേഷ് കുമാറിന്‍റെ ഇടപെടലുണ്ടായെന്ന മൂത്ത സഹോദരി ഉഷ മോഹൻദാസിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഗണേഷിന്‍റെ മറ്റൊരു സഹോദരിയായ ബിന്ദു ബാലകൃഷ്‌ണന്‍റെ നിലപാട്. മരണശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ പ്രതികരിച്ചു.
പൂർണബോധത്തോടെയാണ് ആർ ബാലകൃഷ്ണപിള്ള വിൽപത്രം തയ്യാറാക്കിയത്. ആരുടെയും സ്വാധീനത്തിന് വഴങ്ങുന്ന ആളല്ല അച്ഛൻ ബാലകൃഷ്ണപിള്ള എന്നും ബിന്ദു പറഞ്ഞു. ഗണേഷ് ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച ആളാണ്. ഇനിയെങ്കിലും ഗണേഷിന് മനസമാധാനം നൽകണമെന്നും ബിന്ദു പ്രതികരിച്ചു.