ഉത്തരാഖണ്ഡിൽ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും - മലയാളി
പുനലൂർ സ്വദേശിയായ കുഞ്ഞുമോന്‍ ജോലിക്കിടെ ഉണ്ടായ മണ്ണിടിച്ചിലിലാണ് മരിച്ചത്.
കൊല്ലം: ഉത്തരാഖണ്ഡിൽ മരിച്ച പുനലൂർ സ്വദേശിയായ സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിക്കും. ജോലിക്കിടെ ഉണ്ടായ മണ്ണിടിച്ചിലിൽ പുനലൂർ ചെമ്മന്തൂർ കരിമ്പുംമണ്ണിൽ വീട്ടിൽ കുഞ്ഞുമോൻ (54) ആണ് മരിച്ചത്. ഉത്തരാഖണ്ഡ് ഡാർചൂളയിലായിരുന്നു അപകടം. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുക്കാനായത്. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച 11 മണിക്ക് ചെമ്മന്തൂരിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തൊളിക്കോട് സെന്‍റ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും. ആറുമാസം മുമ്പാണ് കുഞ്ഞുമോൻ ഉത്തരാഖണ്ഡിലേക്ക് തിരിച്ച് പോയത്. അന്നമ്മയാണ് ഭാര്യ. നവീൻ, നൂതൻ എന്നിവർ മക്കളാണ്.