കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പുകടിപ്പിച്ച് കൊന്ന സംഭവത്തിൽ ശാസ്ത്രീയ പരിശോധനക്ക് വനം വകുപ്പിലെ ഗവേഷകനെ നിയോഗിക്കാൻ ധാരണയായി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായി നടന്ന ചർച്ചയിലാണ് തീരുമാനം. എസ്‌പി ഹരിശങ്കറിന്‍റെ സാന്നിധ്യത്തിൽ ഡിജിപി ഓഫീസിലായിരുന്നു ചർച്ച.
ഉത്ര കൊലക്കേസ്; ശാസ്ത്രീയ പരിശോധനക്ക് വനം വകുപ്പ് വിദഗ്ധൻ - Forest Department expert
ഉത്ര കൊലപാതകത്തില്‍ ശാസ്ത്രീയ പരിശോധനക്കായി വനം വകുപ്പ് ഗവേഷകരെ നിയോഗിക്കാൻ തീരുമാനിച്ചു.
ഉത്രയുടെയും പ്രതിയായ ഭർത്താവ് സൂരജിന്‍റെയും വീടുകൾ സന്ദർശിച്ച് ശാസ്ത്രീയ റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദേശം. വിഷയത്തിൽ പ്രവൃത്തി പരിചയമുള്ള രണ്ട് പേരുടെ വിവരങ്ങൾ വനം വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ രാസ പരിശോധനാ ഫലങ്ങൾ കേസന്വേഷണത്തിന് അനുകൂലമാണ്.
പാമ്പിന്‍റെ ഡിഎൻഎ ഉൾപ്പെടെ 18 പരിശോധനകളാണ് നിലവില്‍ ലാബിൽ നടന്നുവരുന്നത്. ഇതുവരെയുള്ള സൂചനകൾ കൊലപാതകത്തിൽ സൂരജിന്‍റെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതാണ്. അന്വേഷണ പുരോഗതി വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണം നടത്തിയ റൂറൽ പൊലീസിനെയും സ്പെഷ്യൽ സ്ക്വാഡിനേയും ഡിജിപി പ്രത്യേകം അനുമോദിക്കുകയും ചെയ്തു.