കൊല്ലം: തീരദേശവാസികളുടെ പുനരധിവാസത്തിനായി സുനാമി ഫണ്ട് ഉപയോഗിച്ച് കൊല്ലം ജില്ലയിൽ നിർമ്മിച്ച ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ അവസ്ഥ ദുരിത പൂർണം. അറ്റകുറ്റപ്പണികൾ നടത്തിയാലും പല ഫ്ലാറ്റുകളും വാസയോഗ്യമല്ലാത്ത അവസ്ഥ. നാല് കുടുംബങ്ങൾക്കായി അനുവദിച്ചിട്ടുള്ളത് ഒരു സെപ്റ്റിക് ടാങ്കാണ്. വീടുകൾക്ക് മുന്നിലുള്ള സെപ്റ്റിക് ടാങ്ക് അടിക്കടി നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് ഒഴുകുന്നത് പതിവാണ്. പ്രതിമാസം 2000 രൂപ വേണം ഓരോ കുടുംബത്തിനും ഇത് നന്നാക്കാൻ. മുകളിലത്തെ നിലയിൽനിന്ന് പൈപ്പുകൾ പൊട്ടിയൊലിച്ച് താഴത്തെ വീടുകളിലെ കിടപ്പുമുറിയിലേക്ക് വീഴുകയാണ്.
ദുരിതക്കയം നീന്തി കൊല്ലത്തെ സുനാമി ഫ്ലാറ്റ് നിവാസികൾ
അശാസ്ത്രീയമായ നിർമ്മാണവും അറ്റകുറ്റപ്പണി നടത്തിയതിലെ വീഴ്ചയും കാരണം ജീവിതം പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടത്തുകാർ.
കോടികൾ മുടക്കിയാണ് രണ്ടു നിലകളിലായി 360 സ്ക്വയർ ഫീറ്റിൽ സുനാമി ഫ്ലാറ്റുകൾ പടുത്തുയർത്തിയത്. ഇരവിപുരത്തെ രണ്ട് സുനാമി ഫ്‌ളാറ്റുകളിലായി 340 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. അശാസ്ത്രീയമായ നിർമ്മാണവും അറ്റകുറ്റപ്പണി നടത്തിയതിലെ വീഴ്ചയും കാരണം ജീവിതം പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടത്തുകാർക്ക്. താമസക്കാരിൽ മിക്കവരും ഹൃദ്രോഗികളും ക്യാൻസർ രോഗികളുമാണെന്നത് ദുരിതം വർദ്ധിപ്പിക്കുന്നു.
ഫ്ലാറ്റുകൾക്ക് മുന്നിൽ കെട്ടിക്കിടക്കുന്ന മലിനജലം പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴുകിയെത്തുന്നത് കൊല്ലം തോട്ടിലേക്കും അവിടെനിന്ന് പരവൂർ കായലിലേക്കുമാണ്. വാഗ്ദാനങ്ങൾ നൽകി തങ്ങളെ ഇവിടെ എത്തിച്ച സർക്കാരും ജനപ്രതിനിധികളും തിരിഞ്ഞു നോക്കാറില്ലെന്ന് കുടുംബങ്ങളുടെ ആക്ഷേപം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ കോർപ്പറേഷനും സർക്കാരിനും മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് ഇരവിപുരം വാർഡ് കൗൺസിലർ പ്രിയദർശൻ പറഞ്ഞു. ഇവർക്കായി പ്രത്യേക സ്ഥലം കണ്ടെത്തി മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.