കൊല്ലം: ചാകര പ്രതീക്ഷിച്ച് കടലിലേക്കിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നിരാശ സമ്മാനിച്ച് ട്രോളിങ് നിരോധന ശേഷമുള്ള ആദ്യ ദിനം. സാധാരണ ലഭിക്കേണ്ടിയിരുന്ന കയറ്റുമതി ഇനം മത്സ്യങ്ങൾ പേരിന് പോലും ലഭിച്ചില്ല. കൊഞ്ച്, കണവ ഇനങ്ങൾ മാത്രമാണ് കുറച്ചെങ്കിലും കിട്ടിയത്. കഴന്തൻ, കരിക്കാടി, കിളിമീൻ തുടങ്ങി കീശ നിറയുന്നതൊന്നും നൽകി മത്സ്യത്തൊഴിലാളികളോട് കനിയാൻ കടലമ്മ തയ്യാറായിട്ടില്ല.
ട്രോളിങ് അവസാനിച്ചിട്ടും തീരം വറുതിയിൽ; നിരാശയിൽ മത്സ്യത്തൊഴിലാളികൾ - കൊല്ലം
സാധാരണ ലഭിക്കേണ്ടിയിരുന്ന കയറ്റുമതി ഇനം മത്സ്യങ്ങൾ പേരിന് പോലും ലഭിച്ചില്ല.
ആദ്യ വരവ് വന്ന ബോട്ടുകൾക്ക് എല്ലാം തടഞ്ഞത് കൊഞ്ച്, കണവ ഇനങ്ങൾ മാത്രമാണ്. ഏറെ പ്രതീക്ഷ വച്ചു പുലർത്തിയ കിളിമീനും ലഭിച്ചില്ല. ചില്ലറ വിതരണത്തിന് ഉള്ളത് ഒഴിച്ചാൽ കാര്യമായൊന്നും തടയാത്തതിന്‍റെ നിരാശ തീരത്തുണ്ട്. അതേ സമയം ഉൾക്കടലിൽ പോയിട്ടുള്ള വലിയ ട്രോളിങ് ബോട്ടുകൾ എത്താൻ ഒരാഴ്ചയിലേറെ സമയം എടുക്കും. ഇവരിലാണ് വ്യാപാരികളുടെ പ്രതീക്ഷ മുഴുവൻ. കയറ്റുമതി ഇനങ്ങൾ സാധാരണ എത്തിക്കുക ഇക്കൂട്ടരാണ്. 55 ദിവസത്തെ വറുതി തീർക്കാൻ തക്ക മത്സ്യക്കൊയ്ത്ത് ഇത്തവണ ഉണ്ടായേക്കില്ലെന്ന സൂചനയാണ് വിദഗ്‌ധർ നൽകുന്നത്. മലിനീകരണവും കാലാവസ്ഥ വ്യതിയാനവും മത്സ്യസമ്പത്തിൽ വരുത്തിയ കുറവാണ് ഇതിന് കാരണം. നല്ല മഴ ലഭിച്ചാൽ മാത്രമേ മത്സ്യം ലഭിക്കാറുള്ളൂ. മഴപെയ്‌ത് കടലിന്‍റെ അടിത്തട്ട് തണുത്താൽ മാത്രമേ കൊഞ്ചും കണവയും ഉൾപ്പെടെയുള്ളവ ലഭിക്കു. എങ്കിൽ തന്നെയും കടലമ്മ ചതിക്കില്ലെന്ന വിശ്വാസത്തിലാണ് കടലിന്‍റെ മക്കൾ.