പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം കൊല്ലം:ബ്യൂട്ടീഷന്‍ സുചിത്ര പിള്ള വധക്കേസില്‍ പ്രതിയായ കോഴിക്കോട് വടകര സ്വദേശിപ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ തുക അടയ്‌ക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകാൻ, ആഭരണം കവര്‍ച്ച, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
മുഖത്തല സ്വദേശിയായ സുചിത്ര പിള്ളയെ കൊല്ലത്ത് നിന്ന് പാലക്കാട് എത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. പ്രതി പ്രശാന്ത് നമ്പ്യാരുടെ ഭാര്യയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട സുചിത്ര പിള്ള. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ജി.മോഹൻ രാജാണ് കോടതിയിൽ ഹാജരായത്.
ബ്യൂട്ടീഷന്‍ സുചിത്രയുടെ കൊലപാതകം: 2020 മാര്‍ച്ച് 20നായിരുന്നു കേസിനാസ്‌പദമായ സംഭവം. പാലക്കാട് ടൗണിന് സമീപം മണലിയിലെ പ്രശാന്തിന്‍റെ വാടക വീട്ടിൽ വച്ചാണ് സുചിത്ര പിള്ള കൊല്ലപ്പെട്ടത്. കഴുത്തില്‍ കേബിള്‍ വലിച്ച് മുറുക്കി കൊലപ്പെടുത്തുകയും തുടര്‍ന്ന് കാലുകള്‍ മുറിച്ച് മാറ്റുകയും മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതിന് പിന്നാലെ മൃതദേഹം കുഴിച്ച് മൂടുകയായിരുന്നു.
സുചിത്ര പിള്ളയും പ്രശാന്ത് നമ്പ്യാരും തമ്മിലുളള സൗഹൃദമാണ് ഒടുക്കം കൊലപാതകത്തില്‍ കലാശിച്ചത്. ഒരുമിച്ച് ജീവിക്കണമെന്ന സുചിത്ര പിള്ളയുടെ ആവശ്യവും സുചിത്രയില്‍ നിന്നും പ്രശാന്ത് കൈപ്പറ്റിയ പണവുമാണ് കൊലപാതക കാരണമായത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിപ്പിച്ച് വച്ച സുചിത്രയുടെ സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.
കൊല്ലം പള്ളിമുക്കിലെ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ ട്രെയിനറായി ജോലി ചെയ്യവേ 2020 മാർച്ച് 17 നാണ് സുചിത്ര പിള്ള കൊല്ലത്ത് നിന്ന് പാലക്കാടുള്ള പ്രശാന്ത് നമ്പ്യാരുടെ വാടക വീട്ടിലേക്ക് യാത്ര തിരിച്ചത്. ആലപ്പുഴയിൽ താമസിക്കുന്ന ഭർത്യമാതാപിതാക്കളെ കാണാൻ പോകുകയാണെന്നാണ് സ്ഥാപനത്തിലുള്ളവരോട് പറഞ്ഞത്. എന്നാല്‍ സ്വന്തം വീട്ടില്‍ പറഞ്ഞതാകട്ടെ എറണാകുളത്ത് ട്രെയിനിങ് നല്‍കാന്‍ പോകുകയാണെന്നുമാണ്.
സുചിത്രയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച വീട്ടുകാര്‍ക്ക് അതിന് കഴിയാതായതോടെ കുടുംബം മാര്‍ച്ച് 22ന് കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പരാതി നല്‍കി ഒരു മാസം പിന്നിട്ടതിന് ശേഷമാണ് പ്രതിയായ പ്രശാന്ത് നമ്പ്യാരിലേക്ക് അന്വേഷണമെത്തുന്നത്. സംഗീത അധ്യാപകനായിരുന്നു പ്രശാന്ത്.
സുചിത്രയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രശാന്ത് നമ്പ്യാര്‍ പിടിയിലായത്. കൊലപാതകത്തിന് ഒരു വര്‍ഷം മുമ്പ് മുതല്‍ കോഴിക്കോട് വടകര സ്വദേശിയായ പ്രശാന്ത് നമ്പ്യാരുമായി സുചിത്രയ്‌ക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തി. മാത്രമല്ല സുചിത്രയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രശാന്തിന് മൂന്ന് ലക്ഷത്തോളം രൂപ ട്രാന്‍സ്‌ഫര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇതോടെ സുചിത്രയുടെ തിരോധാനത്തിന് പിന്നില്‍ ഇയാളാണെന്ന് പൊലീസിന് സംശയമായത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് വാടക വീട്ടില്‍ നിന്ന് സുചിത്രയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്.
also read:'അർധരാത്രി കസാഖ്‌സ്ഥാനിൽ നിന്നും അജ്‌ഞാത കോൾ' ; സംഭവത്തിൽ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ