ഒന്നര വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു കൊല്ലം: ഒന്നര വയസുകാരനെ തെരുവ് നായകള്‍ കടിച്ച് കീറി. കൊല്ലം മയ്യനാട് പുല്ലിച്ചിറ സ്വദേശികളായ രാജേഷ്, ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായകൾ ആക്രമിച്ചത്. മയ്യനാട് ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലാണ് സംഭവം.
കുട്ടിയുടെ അമ്മൂമ്മ ഉഷയും അർണവും മാത്രമെ സംഭവ സമയം വീട്ടിലുണ്ടായിരുന്നുള്ളു. കുഞ്ഞിന്‍റെ അമ്മ ആതിര മൂത്ത മകനെയും കൊണ്ട് ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് പ്രവാസിയാണ്.
കുഞ്ഞ് വീടിന്‍റെ മുറ്റത്ത് നിന്ന് കളിക്കവേ വഴിയിൽ തമ്പടിച്ചിരുന്ന തെരുവ് നായക്കൂട്ടം പാഞ്ഞെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് അർണവിന്‍റെ അമ്മൂമ്മ ഉഷ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ കൊല്ലം ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
കുട്ടിയുടെ തലയ്ക്കും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മേഖലയിലെ തെരുവ് നായ ശല്യം സംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് ഓഫിസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.