കൊല്ലം: കൊല്ലം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം. ഇന്ന്(2.07.2022) രാവിലെ തുടങ്ങിയ കടൽക്ഷോഭം ഇപ്പോഴും തുടരുകയാണ്. കൂറ്റൻ തിരമാലകളാണ് കരയിലേക്ക് കയറുന്നത്. പ്രധാനമായും കരുനാഗപ്പള്ളി അഴീക്കൽ, കൊല്ലം ബീച്ച്, കാക്കത്തോപ്പ് ഇരവിപുരം, താന്നി തുടങ്ങിയ തീരമേഖലയിലാണ് കടൽ പ്രക്ഷുബ്‌ദമായിരിക്കുന്നത്.
കൊല്ലത്ത് കടൽക്ഷോഭം രൂക്ഷം ഉദയ മാർത്താണ്ഡപുരം വാർഡിൽ കടൽക്ഷോഭത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറി. കടലിൽ നിന്നും ഏകദേശം അമ്പത് മീറ്ററോളം കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്‌ദമായതിനെ തുടര്‍ന്ന് ബീച്ചിൽ സന്ദർകർക്ക് വിലക്ക് ഏർപ്പെടുത്തി.
ചെറിയഴീക്കലില്‍ തിര കടൽഭിത്തി കടന്ന് റോഡിലേക്ക് കയറി. അപായ സൂചന നല്‍കാനായി അഴീക്കൽ ബീച്ചിലും, കൊല്ലത്തും വടം വലിച്ച് കെട്ടി അതില്‍ ചുവന്ന തുണി കെട്ടിയിട്ടുണ്ട്. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ, തഹസിൽദാർ, വില്ലേജ് ഓഫിസർ തുടങ്ങിയവർ കടൽക്ഷോഭം രൂക്ഷമായ പ്രദേശം സന്ദർശിച്ചു.
കടൽ കയറാന്‍ സാധ്യതയുള്ള വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. എല്ലാ വർഷവും, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കടൽ പ്രക്ഷുബ്‌ദമാകാറുണ്ടെങ്കിലും ഇത്ര ശക്തിയുണ്ടാകാറില്ലെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.