കേരളം

kerala

ETV Bharat / state

പഠിച്ച സ്കൂളിനെ മനോഹരമാക്കി പൂര്‍വ വിദ്യാര്‍ഥികള്‍ - ഇളമ്പല്‍ സ്കൂള്‍

വലംകൈ ഇല്ലാതെ ജനിച്ച പത്തനാപുരം ചേകം സ്വദേശി പി മനോജ് കുമാറാണ് ചിത്രങ്ങൾക്ക് നിറക്കൂട്ട് ചാലിച്ചിരിക്കുന്നത്.

ഇളമ്പൽ ഗവ.യു പി സ്കൂള്‍

By

Published : Mar 12, 2019, 5:03 PM IST

പൂർവവിദ്യാർഥികളുടെ കൂട്ടായ്മയിൽ ചിത്ര മനോഹരിയായി ഒരു മുത്തശ്ശി വിദ്യാലയം. കൊല്ലം ജില്ലയിലെ ഇളമ്പൽ ഗവ യു പി സ്കൂളിനാണ് പൂർവവിദ്യാർഥികൾ ചേർന്ന് പുതിയ മുഖം സമ്മാനിച്ചിരിക്കുന്നത്

ഓർമകൾ മേയുന്ന വിദ്യാലയത്തിരുമുറ്റത്ത് ഒത്തുകൂടിയപ്പോൾ പഴയ സഹപാഠികൾക്ക് ഒരു മോഹം. ഓടിക്കളിച്ച വിദ്യാലയത്തിന് ഇനിയും തങ്ങളുടെ ആ പഴയ ബാല്യത്തിന്‍റെ നിറം പകരണം. അവരുടെ ആ മോഹത്തിന്‍റെ അഴക് പൂവണിഞ്ഞത് കാണണമെങ്കിൽ ഇളമ്പൽ സർക്കാർ സ്കൂളിലേക്ക് വന്നാൽ മതി. ഒരുമാസം മുമ്പുവരെ നിറംമങ്ങിയ ചുവരുകളും ചുറ്റുമതിലുമൊക്കെ ആയിരുന്നു ഈ സ്കൂളിന്. വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ തുടർന്ന സ്കൂളിൽ പൂർവവിദ്യാർഥികൾ ഒത്തുചേർന്നതോടെ മാറ്റത്തിന്‍റെ അഴക് മെല്ലെവിരിഞ്ഞു.

സ്കൂളിന്‍റെ ചുവരിലും ചുറ്റുമതിലിലുമെല്ലാം ജീവൻ തുടിക്കുന്ന മിഴിവുള്ള ചിത്രങ്ങൾ നിറഞ്ഞു. പാളവണ്ടി വലിക്കുന്ന പെൺകുട്ടിയും വട്ടവണ്ടിയോട്ടുന്ന ആൺകുട്ടിയും കറ്റയുമായി നീങ്ങുന്ന കർഷകരും, ചിത്രത്തീവണ്ടിയും, വിളക്കുമാടവുമൊക്കെ ഓരോ ചുവരും കയ്യടക്കി. ക്ലാസ് മുറികളാകട്ടെ ഭൂപടങ്ങൾക്കും പഠനവിശേഷങ്ങൾക്കും കാർട്ടൂൺ കഥാപാത്രങ്ങൾക്കും വഴി മാറി. വലംകൈ ഇല്ലാതെ ജനിച്ച പത്തനാപുരം ചേകം സ്വദേശി പി മനോജ് കുമാറാണ് ഈ ചിത്രങ്ങൾക്കായി നിറക്കൂട്ട് ചാലിച്ചെഴുതിയത്. സ്കൂളിന്‍റെ അവധി സമയങ്ങളിലാണ് ചിത്രംവര. സ്കൂൾ ചുവരിലെ ഈ വര കാണാനും ചിത്രമെടുക്കാനും കുട്ടികളും മുതിർന്നവരുമെല്ലാം എത്തുകയാണിപ്പോൾ.

ഇളമ്പൽ ഗവ.യു പി സ്കൂള്‍

മാർച്ച് 31ന് വാർഷികാഘോഷ ദിനത്തിൽ സ്കൂൾ മനോഹരമാക്കി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൂർവവിദ്യാർഥികളും സ്കൂൾ വികസന സമിതിയും. ഇവർ സമാഹരിച്ച രണ്ടര ലക്ഷം രൂപയാണ് സ്കൂൾ മനോഹരമാക്കാൻ വിനിയോഗിക്കുന്നത്. 95 വർഷം പിന്നിടുന്ന ഈ വിദ്യാലയ മുത്തശ്ശിയെ അടിമുടി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് കെ ബി ഗണേഷ്കുമാർ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ഇത് ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ. നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

ABOUT THE AUTHOR

...view details