കൊല്ലം: ബിഹാർ സ്വദേശിയായ റോമിയ മലയാളം പഠിക്കുന്നതിന് കാരണങ്ങൾ നിരവധിയാണ്. സ്‌കൂളിൽ നിന്ന് മക്കളുടെ ഡയറിയിൽ എഴുതി നൽകുന്ന കാര്യങ്ങൾ വായിച്ച് മനസിലാക്കണം. ബസിന്‍റെ ബോർഡ് വായിക്കാൻ കഴിയണം, കടയിൽ നിന്ന് സാധനം വാങ്ങണമെങ്കില്‍ മലയാളം അറിയണം. ആറ് വർഷമായി കൊല്ലം ജില്ലയിലെ ഉമയനെല്ലൂരിൽ താമസിക്കുന്ന ബീഹാർ സ്വദേശി റോമിയ ഇപ്പോൾ ഹാപ്പിയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷൻ ' ചങ്ങാതി മികവുത്സവം 2020 ' പദ്ധതിയുടെ ഭാഗമായി നടത്തിയ പരീക്ഷയില്‍ നൂറില്‍ നൂറ് മാർക്ക് വാങ്ങിയാണ് റോമിയ മലയാളത്തെ സ്വന്തം ചങ്ങാതിയാക്കിയത്. പരീക്ഷയിലെ ഏക വനിതാ സാന്നിധ്യമായിരുന്ന റോമിയ കൈക്കുഞ്ഞുമായി എത്തിയാണ് പരീക്ഷ എഴുതിയത്.
മലയാളം ചങ്ങാതിയായി; റോമിയയ്ക്ക് നൂറില്‍ നൂറ് - kollam
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷൻ ' ചങ്ങാതി മികവുത്സവം 2020 ' പദ്ധതിയുടെ ഭാഗമായി നടത്തിയ പരീക്ഷയില്‍ നൂറില്‍ നൂറ് മാർക്ക് വാങ്ങിയാണ് റോമിയ മലയാളത്തെ സ്വന്തം ചങ്ങാതിയാക്കിയത്.
റോമിയ ഉൾപ്പെടെ കൊല്ലം ജില്ലയിൽ 298 പേരാണ് പരീക്ഷയെഴുതിയത്. ഭർത്താവിനും മൂന്ന് മക്കൾക്കും ഒപ്പമാണ് താമസം. തുടർന്നും പഠിക്കണം. പത്താം തരം പാസായി ഒരു ജോലി നേടണം ഇതൊക്കെയാണ് റോമിയയുടെ ആഗ്രഹങ്ങൾ. ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ സാക്ഷരതാ പ്രേരക് ആയ വിജയകുമാരിയും അധ്യാപിക ശ്രീലതയും റോമിയയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പറഞ്ഞുകൊടുക്കുന്ന പാഠങ്ങൾ വളരെ പെട്ടന്ന് തന്നെ റോമിയ മനസിലാക്കുന്നുണ്ട് എന്ന് പരിശീലകർ പറയുന്നു. അന്യ സംസ്ഥാന തൊഴിലാളികൾക്ക് മാതൃകയായി ഈ ബീഹാറുകാരി മാറുമ്പോൾ കൂടുതൽ പേരിലേക്ക് ഈ ചങ്ങാത്തം പദ്ധതി വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാക്ഷരത മിഷൻ.