കൊല്ലം: അടിമുടി പ്രതിഷേധമാണ് കേരളത്തില്‍. സർക്കാരിന് എതിരായ പ്രതിഷേധം, ഗവർണർക്ക് എതിരായ പ്രതിഷേധം...അതില്‍ തന്നെ വെറൈറ്റി പ്രതിഷേധങ്ങളാണ് ഹൈലൈറ്റ്. കറുത്ത ഷർട്ട്, കറുത്ത ബലൂൺ... പ്രതിഷേധം കറുത്ത് ഹിറ്റാകുമ്പോൾ ദേ ഇവിടെയൊരാൾ വെളുപ്പാണ് പ്രതിഷേധമെന്ന് പറയുകയാണ്... സമരത്തിന്‍റെ രൂപം മാറും, ഭാവം മാറും എന്ന മുദ്രാവാക്യമൊക്കെ മാറുകയാണ് കേരളത്തില്‍ സമരത്തിന്‍റെ നിറവും മാറുകയാണ്...
കൊല്ലം ജില്ലയിലെ തലവൂർ ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്താണ് ശരീരം മുഴുവൻ വെള്ള പെയിന്‍റടിച്ച് പ്രതിഷേധിക്കാൻ എത്തിയത്. നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രി പോകുന്ന വഴികളിലെല്ലാം കരിങ്കൊടി പ്രതിഷേധം നടക്കുമ്പോൾ ശരീരം മുഴുവൻ വെള്ള പെയിന്‍റടിച്ചാണ് രഞ്ജിത്ത് പ്രതിഷേധിച്ചത്. കൊട്ടാരക്കരയിൽ നിന്നും പത്തനാപുരത്തേക്കുള്ള വഴിയിൽ രണ്ടാലുംമൂട്ടിലാണ് സംഭവം. വിവരം അറിഞ്ഞ് കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി. ലേശം ബലം പ്രയോഗിക്കേണ്ടി വന്നെങ്കിലും രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു.