കൊല്ലം:ഓണക്കിറ്റ് വിതരണത്തിൽ കമ്മീഷൻ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ. കിറ്റ് വിതരണവുമായി സഹകരിക്കുമെങ്കിലും കമ്മീഷൻ കുടിശികയായ 60 കോടി രൂപ നൽകാത്ത സർക്കാരിനെതിരെ നിയമ നടപടി തുടരാനാണ് തീരുമാനം. സൗജന്യമായി ഓണക്കിറ്റ് കൈപ്പറ്റുന്ന മുൻഗണന വിഭാഗങ്ങളിൽ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷൻ തുക അനുവദിക്കണമെന്നാണ് റേഷൻ വ്യാപാരി സംഘടനയുടെ ആവശ്യം.
നിലവിൽ കിറ്റ് വിതരണത്തിന്റെ ഗതാഗത ചെലവിനുൾപ്പടെ 13 രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. അഞ്ച് രൂപ കൂടി അധികമായി നീക്കിവച്ച് സംസ്ഥാനത്തുള്ള 14,500 റേഷൻ വ്യാപാരികളുടെ കമ്മീഷൻ കൂടി നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. അതേസമയം, സേവന മനോഭാവത്തിൽ റേഷൻ വ്യാപാരികൾ കിറ്റ് വിതരണം ചെയ്യണമെന്നാണ് സർക്കാർ നിലപാട്.