കൊല്ലം: കാട്ടു തീ പ്രതിരോധിക്കാൻ വനപാലകർക്കായി പുനലൂർ ഫയർ ഫോഴ്‌സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തെന്മല ഡിവിഷണൽ ഫോറസ്റ്റ് പരിധിയിലെ ആര്യങ്കാവ്, തെന്മല, സെൻട്രൽ നഴ്‌സറി റേഞ്ചിലെ വനപാലകര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുനിൽബാബു പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്‌തു.
വനപാലകർക്കായി പുനലൂർ ഫയർ ഫോഴ്‌സിന്‍റെ പരിശീലന ക്ലാസ്
തെന്മല ഡിവിഷണൽ ഫോറസ്റ്റ് പരിധിയിലെ ആര്യങ്കാവ്, തെന്മല, സെൻട്രൽ നഴ്‌സറി റേഞ്ചിലെ വനപാലകര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.
തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള വനശ്രീ ഹാളിലായിരുന്നു പരിശീലനം. തുടര്‍ന്ന് അത്യാഹിത ഘട്ടങ്ങളില്‍ എങ്ങനെ കാര്യക്ഷമമായി ഇടപെടണമെന്ന് വനപാലകർക്ക് ഉദ്യോഗസ്ഥർ മോക് ഡ്രിൽ രൂപത്തിൽ പരിശീലനം നൽകി. കാട്ടുതീ തടയാനുള്ള പ്രാഥമിക പ്രവർത്തനങ്ങളും അപകടങ്ങളിൽപെടുന്ന വനപാലകർക്കു ഫസ്റ്റ് എയ്‌ഡ് നൽകുന്നതിനുള്ള പരിശീലനവും ക്ലാസിന്‍റെ ഭാഗമായി നല്‍കി.
പുനലൂർ ഫയർഫോഴ്‌സ് ഓഫീസർ പി സുധീറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശീലന ക്ലാസ്. വേനലിന്‍റെ തുടക്കത്തിൽ തന്നെ കാഠിന്യം അറിയിച്ച സാഹചര്യത്തിൽ പഠന ക്ലാസ് വനപാലകർക്ക് സഹായകരമാകുമെന്ന് പി സുധീർ പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സുജിൻ സുകുമാർ, ലിജോ ടി അലക്‌സ് എന്നിവര്‍ വനപാലകര്‍ക്ക് ക്ലാസ് എടുത്തു.