മാലായിൽ സർക്കാർ മിച്ചഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തുന്നതായി പരാതി
വെളിയം മറവങ്കോട് സർക്കാർ മിച്ചഭൂമിയിലെ അങ്കണവാടി ഭാഗത്ത് നിന്നുമാണ് മരങ്ങൾ മുറിച്ചു കടത്തുന്നത്
കൊല്ലം: കൊട്ടാരക്കര മാലായിൽ സർക്കാർ മിച്ചഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തുന്നതിൽ പ്രതിഷേധം ശക്തം. പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേർന്ന് തടികൾ കടത്തുന്നു എന്ന് ആരോപിച്ച് നാട്ടുകാർ ഇടപെട്ട് തടഞ്ഞു. വെളിയം മറവങ്കോട് സർക്കാർ മിച്ചഭൂമിയിലെ അങ്കണവാടി ഭാഗത്ത് നിന്നുമാണ് മരങ്ങൾ മുറിച്ചു കടത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള തേക്കിൻതടികളടക്കമുള്ള റബ്ബർ മരങ്ങളും, മാഞ്ചിയവും കടത്താൻ ശ്രമിച്ചതെന്ന് പ്രതിഷേധക്കാർ പറയുന്നു. ഒന്നിലധികം ലോഡുകൾ കടത്തിക്കൊണ്ടു പോയതായും നാട്ടുകാർ ആരോപിക്കുന്നു.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നതിനായാണ് മരങ്ങൾ മുറിച്ചതെന്നാണ് വാർഡ് മെമ്പർ നൽകുന്ന വിശദീകണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയത് പഞ്ചായത്തിന്‍റെ അറിവോടെയല്ല എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.