കൊല്ലം:ചോദ്യങ്ങളെ ഭയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ഉയര്‍ത്തുന്നവരേയും സത്യം വിളിച്ചുപറയുന്നവരേയും സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് നിശബ്‌ദരാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡിവൈഎഫ്‌ഐയുടെ യങ് ഇന്ത്യ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയേയും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തേയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു ഗോവിന്ദന്‍റെ പ്രസംഗം.
'ചോദ്യം ഉയര്‍ത്തുന്നവരെ മോദി നിശബ്‌ദരാക്കുന്നു, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം'; പ്രധാനമന്ത്രിക്കെതിരെ എംവി ഗോവിന്ദന്‍ - ഡിവൈഎഫ്‌ഐയുടെ യങ് ഇന്ത്യ കാമ്പയിന്‍
ഡിവൈഎഫ്‌ഐയുടെ 'യങ് ഇന്ത്യ ആസ്‌ക്‌സ് ദ പിഎം' പരിപാടിയിലാണ് എംവി ഗോവിന്ദന്‍ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞത്
ആർഎസ്‌എസ് പ്രചരിപ്പിക്കുന്ന ഹിന്ദുത്വം മത വിശ്വാസമല്ല, മറിച്ച് മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതാണ്. പിആർ ഏജൻസികൾ തയ്യാറാക്കുന്ന ചോദ്യങ്ങളോടല്ല, ഇന്ത്യയിലെ യുവജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യാനാണ് മോദി തയ്യാറാകേണ്ടതെന്ന് ഗോവിന്ദൻ പറഞ്ഞു. പ്രധാന മന്ത്രിയോട് 100 ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച 'യങ് ഇന്ത്യ ആസ്‌ക്‌സ് ദ പിഎം' പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന വേദിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി മോദിക്കെതിരെ തിരിഞ്ഞത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി കേരളത്തിലെത്താനിരിക്കെയാണ് ഗോവിന്ദന്‍റെ പ്രസ്‌താവന. നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തെ കരുതലോടെയാണ് സിപിഎം നോക്കികാണുന്നത്.