കൊല്ലം:നിയമസഭയെ കൈയാങ്കളി വേദിയാക്കുന്ന പ്രതിപക്ഷത്തിന്‍റെ ശൈലിക്കെതിരെ വിമർശനവുമായി സി പി എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള ആക്ഷേപങ്ങൾ മറയ്‌ക്കാനാണ് നിയമസഭ കൈയാങ്കളിയുടെ വേദിയാക്കുന്നത്. സ്‌പീക്കറുടെ ഓഫിസ് ഉപരോധം കേരളത്തിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും ഗോവിന്ദൻ പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ അടിയന്തിരപ്രമേയ നോട്ടീസ് സ്വീകരിക്കണമോ വേണ്ടയോ എന്ന് നിശ്‌ചയിക്കാനുള്ള അവകാശം സ്‌പീക്കർക്കുമുണ്ട്. സഭയിലെ പ്രതിഷേധത്തിന് ശേഷം സ്‌പീക്കറുടെ ഓഫിസ് ഉപരോധിക്കുക എന്നത് ആദ്യ സംഭവമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നടന്നതൊന്നും അംഗീകരിക്കാനാവില്ല: സ്‌പീക്കറുടെ മുഖം കാണാനാവാത്ത വിധത്തിൽ ബാനർ ഉയർത്തിപിടിക്കുക, അതിന് ശേഷം അദ്ദേഹത്തിന്‍റഎ ഓഫിസ് ഉപരോധിക്കുക, സ്‌പീക്കർക്ക് സുരക്ഷ ഒരുക്കിയ വാച്ച് ആൻഡ് വാർഡിനെ മർദിക്കുക എന്നതൊന്നും അംഗീകരിച്ചുകൊടുക്കാനാകില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. സുധാകരന്‍റെയും വി ഡി സതീശന്‍റെയും നേതൃത്വം പോരെന്ന് പാർട്ടി എംപിമാരും നേതാക്കളും കുട്ടത്തോടെ ഹൈക്കമാൻഡിൽ പരാതി പറഞ്ഞ ഘട്ടത്തിലാണ് ഞാൻ കേമനായ നേതാവാണ് എന്ന് കാണിക്കാൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വി ഡി സതീശൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ഭരണ പ്രതിപക്ഷ പോരിന്‍റെ പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിന്‍റെ പേരിൽ പ്രതിപക്ഷം സ്‌പീക്കറുടെ ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ഇതേ തുടർന്ന് ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലും ഇന്നലെ ഉണ്ടായിരുന്നു. സംഘർഷത്തിൽ നാല് എംഎൽഎമാർക്കും പരിക്കേറ്റു.