കൊല്ലം: കൊവിഡ് വ്യാപനത്തോടെ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാം ചടങ്ങുകളായി ചുരുങ്ങിയതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ചെണ്ട വാദ്യകലാകാരന്മാർ. കഴിഞ്ഞ ആറ് മാസമായി വരുമാനം നിലച്ചതോടെ മിക്കവരും പട്ടിണിയിലാണ്. ബുദ്ധിമുട്ടി സ്വരുക്കൂട്ടി വച്ചിരുന്ന സമ്പാദ്യവും തീർന്നതോടെ കടം വാങ്ങിയാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
കൊവിഡില്‍ താളം നിലച്ച ജീവിതങ്ങൾ; നല്ല കാലം വരുമെന്ന് മാത്രം പ്രതീക്ഷ - കൊല്ലം വാര്‍ത്തകള്‍
ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ചെണ്ട വാദ്യകലാകാരന്മാർ പ്രധാനഘടകമാണ്. എന്നാൽ കൊവിഡ് വ്യാപനം എല്ലാം അവതാളത്തിലാക്കി.
ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ചെണ്ട വാദ്യകലാകാരന്മാർ പ്രധാനഘടകമാണ്. എന്നാൽ കൊവിഡ് വ്യാപനം എല്ലാം അവതാളത്തിലാക്കി. കൊല്ലം രാമൻകുളങ്ങര സ്വദേശിയായ രമണന്‍റെ വാദ്യമേള സംഘത്തിൽ 50ൽ അധികം കലാകാരന്മാർ ഉണ്ട്. വാടക വീട്ടിലാണ് താമസം. ഉമ്മറത്തെ മുറിയിൽ വാദ്യോപകരണങ്ങൾ കൂട്ടി വച്ചിട്ടുണ്ട്. ഉടനെ ഒന്നും പഴയ കാലത്തേക്ക് പോകാൻ കഴിയില്ലെന്നാണ് കണക്കുകൂട്ടൽ. മാസം നല്ലൊരു തുക ഓരോരുത്തർക്കും ലഭിച്ചിരുന്നതിനാൽ പലർക്കും മറ്റ് ജോലികളെ ആശ്രയിക്കാതെ കഴിയാമായിരുന്നു.
എന്നാൽ കലാകാരന്മാരിൽ പലരും പെയിന്‍റിങ്, കൽപ്പണി, ആശാരിപ്പണി, ഡ്രൈവിങ് പോലെയുള്ള ജോലികൾക്കായി പോകേണ്ട സാഹചര്യമാണ്. കൊല്ലം ജില്ലയിൽ മാത്രം ചെണ്ട വാദ്യകലാകാരന്മാരുടെ നിരവധി കലാസമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ സമിതിയിലും നൂറോളം പേർ ജോലി ചെയ്യുന്നു. ഉത്സവങ്ങൾക്ക് പുറമേ വൃശ്ചികം മുതൽ മിഥുനം വരെയുള്ള മാസങ്ങളിൽ ക്ഷേത്രാചാരങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്നും നല്ല രീതിയിൽ വരുമാനം ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം പേരും ഇന്ന് വീട്ടിൽ തന്നെ കഴിച്ചുകൂട്ടുകയാണ്. ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും മാത്രം ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്നവർ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ്. അധികം വൈകാതെ അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.