റെയില്‍വേ ട്രാക്കില്‍ വീണ വയോധികനെ രക്ഷിച്ച് യുവാവ് കൊല്ലം: പാഞ്ഞടുക്കുന്ന ട്രെയിനിന്‍റെ ശബ്‌ദവും വൃദ്ധന്‍റെ നിലവിളിയും കേട്ട് പരിസരം ഒരു നിമിഷം നിശ്ചലമായി. കണ്ടവര്‍ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒരു യുവാവ് രക്ഷകനായി അവതരിച്ചു.
റെയില്‍വേ ട്രാക്കില്‍ നിന്ന് നിരങ്ങി നീങ്ങാന്‍ പോലും കഴിയാതെ മരണം ഉറപ്പിച്ച് കിടന്ന അയാളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതിന്‍റെ സന്തോഷത്തിലാണ് പള്ളിമുക്ക് കാവൽപ്പുര ഹലിം അക്ബർ മൻസിലിൽ അബ്‌ദുല്‍ റഹ്മാൻ.
കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ പള്ളിമുക്ക് കാവൽപ്പുര റെയിൽവെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഗേറ്റിന് സമീപം താമസിക്കുന്ന 72കാരനായ അബ്‌ദുല്‍ റഹ്‌മാന്‍ ഭിന്നശേഷിക്കാരിയായ ഭാര്യയ്‌ക്ക് ചായ വാങ്ങാനായി പോയതായിരുന്നു. നടക്കുന്നതിനിടെ ബാലന്‍സ് തെറ്റിയ അബ്‌ദുല്‍ റഹ്‌മാന്‍ പിന്നിലേക്ക് മറിഞ്ഞ് റെയില്‍ പാളത്തിലേക്ക് വീണു. പാളത്തില്‍ നിന്ന് എഴുന്നേറ്റ് മാറാന്‍ ശ്രമിച്ചെങ്കിലും ആ വയോധികന് അനങ്ങാന്‍ പോലും കഴിഞ്ഞില്ല.
വൃദ്ധന്‍ ട്രാക്കിലേക്ക് വീണത് ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്തുള്ള ചായക്കടയുടമ ഷാജിയാണ് കടയില്‍ ചായകുടിച്ചു കൊണ്ടിരുന്ന പള്ളിമുക്ക് സ്വദേശി അബ്‌ദുല്‍ റഹ്‌മാനോട് വിവരം പറഞ്ഞത്. അബ്‌ദുല്‍ റഹ്‌മാന്‍ നോക്കിയപ്പോള്‍ ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല.
പാളത്തിനടുത്തേക്ക് ഓടിയെത്തി വീണുകിടന്ന വൃദ്ധനെ പാളത്തില്‍ നിന്ന് വലിച്ച് പുറത്തെത്തിച്ചു. പിന്നാലെ അതേ ട്രാക്കിലൂടെ ട്രെയിനും കടന്നു പോയി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മരണ മുഖത്തു നിന്ന് രക്ഷപ്പെട്ടെങ്കിലും വയോധികന്‍ ആകെ ഭയന്നിരുന്നു. ഷാജിയും അബ്‌ദുല്‍ റഹ്‌മാനും ചേര്‍ന്ന് ഇയാളെ ആശ്വസിപ്പിച്ചു. വൃദ്ധന്‍ സ്വാഭാവിക മാനസിക നിലയിലേക്ക് എത്തിയ ശേഷമാണ് വീട്ടിലേയ്ക്ക് പറഞ്ഞയച്ചത്. ചായ വാങ്ങാൻ കൊണ്ടുവന്ന ഫ്ലാസ്‌ക് പൊട്ടിയതിനാൽ ഷാജി കുപ്പിയിലാണ് വീട്ടിലേയ്ക്കുള്ള ചായ കൊടുത്തുവിട്ടത്.
സിപിഎം ചകിരിക്കട ബ്രാഞ്ച് അംഗം കൂടിയാണ് വൃദ്ധനെ രക്ഷപ്പെടുത്തിയ അബ്‌ദുല്‍ റഹ്മാൻ. പാചകവും കരിഓയിൽ ബിസിനസുമാണ് ജോലി. വീട്ടിൽ ഉമ്മയും ഭാര്യയും രണ്ടു മക്കളും സഹോദരന്‍റെ കുടുംബവുമാണുള്ളത്.
കോഴിക്കോട്ടെ സമാന സംഭവം: കഴിഞ്ഞ വര്‍ഷം ജൂണില്‍ കോഴിക്കോടും സമാന സംഭവം വടന്നിരുന്നു. ചെങ്ങോട്ടുകാവ് റെയില്‍വേ ഓവര്‍ ബ്രിഡ്‌ജിന് സമീപമായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ട്രെയിന്‍ വരുന്നത് കാണാതെ ട്രാക്കിലൂടെ നടക്കുകയായിരുന്ന വയോധികയേയാണ് സിവില്‍ ഡിഫന്‍സ് അംഗമായ ദാസന്‍ എന്നയാള്‍ രക്ഷപ്പെടുത്തിയത്. 87 കാരിയായ ചെങ്ങോട്ടുകാവ് സ്വദേശിയായ ഫാത്തിമയാണ് മരണത്തില്‍ നിന്ന് അന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്.
താന്‍ അടുത്തുള്ള ബന്ധുവിന്‍റെ വീട്ടില്‍ പോകുകയാണെന്നാണ് ഫാത്തിമ ദാസനോട് പറഞ്ഞത്. എന്നാല്‍ ദാസന്‍ സമീപത്ത് അന്വേഷിച്ചപ്പോള്‍ ഫാത്തിമ പറഞ്ഞയാള്‍ ആ പരിസരത്ത് താമസിക്കുന്നില്ല എന്ന് ആളുകള്‍ പറഞ്ഞു. തന്‍റെ കൊച്ചുമകളാണ് തന്നെ ഇവിടെ കൊണ്ട് വിട്ടതെന്നും ഫാത്തിമ ദാസനോട് പറഞ്ഞു.
വയോധികയുമായി അവര്‍ പറഞ്ഞ വീട്ടില്‍ എത്തിയപ്പോഴാണ് ദാസന് ചില സംശയങ്ങള്‍ തോന്നിയത്. പരസ്‌പര വിരുദ്ധമായി സംസാരിക്കുന്ന ഫാത്തിമയെ കൊച്ചുമകള്‍ ട്രാക്കില്‍ ഉപേക്ഷിച്ചതായാണ് ദാസന് തോന്നിയത്. എന്നാല്‍ വിവരം അറിഞ്ഞ് അന്വേഷണം നടത്തിയ ഇടിവി ഭാരതിനോട് പ്രതികരിച്ച കൊച്ചുമകള്‍ ഇത് നിഷേധിക്കുകയാണ് ചെയ്‌തത്.