കൊല്ലം: ഇതൊരു പഴയ കഥയല്ല, ലോകത്തെ വിറപ്പിച്ച മഹാമാരിയില്‍ സ്വത്വബോധം തിരിച്ചുപിടിക്കുന്ന ജനതയുടെ ആത്മാവിഷ്ക്കാരമാണ്... ഉരലും അമ്മിക്കല്ലും പോയി ഗ്രൈൻഡറും മിക്‌സിയും വന്നു. ഫ്രിഡ്‌ജും ഓവനും എത്തിയതോടെ രുചിയുടെ ചൂടും തണുപ്പും ദിവസങ്ങളോളം നിലനില്‍ക്കുമെന്നായി. ഇതൊന്നും പോരാഞ്ഞിട്ട് അറേബ്യനും ചൈനീസും കോണ്ടിനെന്‍റലും തേടി മലയാളി വീടുവിട്ടിറങ്ങി. തിരിച്ചുവരുമ്പോൾ കൂടെ കിട്ടിയത് ഇംഗ്ലീഷ് രോഗങ്ങളുടെ പേരുകൾ മാത്രമല്ല, രോഗിയാണെന്ന ഭയം കൂടിയാണ്... എങ്കിലും മലയാളി പിൻമാറിയില്ല. വീട്ടുപറമ്പിലെ മഞ്ഞൾപ്പൊടിക്ക് പകരം നിറമുള്ള കവറിലാക്കി വന്ന മണമില്ലാത്ത മഞ്ഞളും ഇഷ്ടികപ്പൊടിയുടെ ഗുണമുള്ള മുളകും, രുചിയെന്ന കള്ളപ്പേരിലെത്തുന്ന അജിനാമോട്ടോയും ചേരുമ്പോൾ നമുക്കത് സ്വർഗീയ രുചിയായിരുന്നു. അതിനും ഒരു പടി മുകളിലേക്ക് രുചി തേടുന്നവർ ആളിക്കത്തുന്ന തീനാളത്തില്‍ മാംസം വെന്തിറങ്ങുന്നത് ആസ്വദിക്കാൻ ഏത് രാത്രിയും മടിയില്ലാതെ സമയം തെറ്റിയിറങ്ങിയിരുന്നു. ഇപ്പോഴിതാ വീടിന്‍റെ രുചിയേക്കാൾ പുറം ഭക്ഷണത്തിന്‍റെ രുചി തേടി പോയവർ തിരികെ വീട്ടിലെത്തിയിരിക്കുന്നു. ശരിയാണ്...
മടങ്ങിയെത്തുന്ന നാട്ടുരുചികൾ: കെട്ടകാലത്തെ അതിജീവിക്കാം
ലോക്ക് ഡൗൺ ആയതോടെ വീട്ടില്‍ അടച്ചിരിക്കുന്നവർക്ക് അമ്മരുചിയും വീട്ടു രുചിയും ആസ്വദിക്കാൻ മഹാമാരിയായി കൊവിഡ് വരേണ്ടി വന്നു എന്നതാണ് വാസ്തവം. വീട്ടുപറമ്പിലെ ചക്കയും ചേനയും തീൻമേശയിലെ വിഭവങ്ങളാക്കാമെന്നും അതിന് രുചിയുടെ യഥാർഥ ലോകമുണ്ടെന്നും പുതു തലമുറയ്ക്ക് മനസിലായി.
അമ്മരുചിയും വീട്ടുരുചിയും ആസ്വദിക്കാൻ മഹാമാരിയായി കൊവിഡ് വരേണ്ടി വന്നു എന്നതാണ് വാസ്തവം. കൊവിഡ് കാലം ലോക്ക് ഡൗണായി മാറിയപ്പോൾ പ്രകൃതി അതിന്‍റെ സ്വാഭാവികത വീണ്ടെടുത്ത് തുടങ്ങി. വീട്ടുപറമ്പിലെ ചക്കയും ചേനയും തീൻമേശയിലെ വിഭവങ്ങളാക്കാമെന്നും അതിന് രുചിയുടെ യഥാർഥ ലോകമുണ്ടെന്നും പുതു തലമുറയ്ക്ക് മനസിലായി. അടുക്കളയില്‍ നിന്ന് പറമ്പിലേക്കിറങ്ങിയാല്‍ താളും തകരയും ചേമ്പും ചേനയും കപ്പയും എല്ലാമുണ്ട്. ജോലിത്തിരക്ക്, സമയക്കുറവ്, എളുപ്പം എന്നെല്ലാം പറഞ്ഞ് വീട്ടുരുചികൾ മാറ്റി നിർത്തി ഹോട്ടല്‍ ഭക്ഷണം തേടി അലഞ്ഞവർ കൊവിഡ് കാലത്ത് നാടൻ രുചികളിലേക്ക് മടങ്ങുകയാണ്.
പാടത്തും പറമ്പിലും അടുക്കളക്കൃഷിയിറക്കിയ മലയാളി സ്വന്തം കാർഷിക സംസ്കൃതിയും ഭക്ഷണ സംസ്കാരവും ആസ്വദിച്ചിരുന്നു. ഇപ്പോൾ ആ സംസ്കാരത്തിലേക്ക് തിരിച്ചുപോകുകയാണ് കേരളം. ബർഗറും അറേബ്യൻ മന്തിയും മറന്ന് ചക്കപ്പുഴുക്കും മാമ്പഴപ്പുളിശേരിയും ശീലമാക്കാൻ നമുക്ക് കഴിയുന്നുണ്ട്. കൊവിഡില്‍ ലോകം ഞെട്ടി വിറച്ചപ്പോൾ മലയാളി പഴയ ഓർമകൾ പൊടിതട്ടിയെടുത്തു. 1924-ലെ പ്രളയകാലത്ത് ഒരു തലമുറയ്ക്ക് ജീവൻ നിലനിർത്താൻ സഹായകമായത് ചക്കയും ചേനയും ചേമ്പും അടങ്ങുന്ന നാടൻ വിഭവങ്ങളായിരുന്നു. ആ തിരിച്ചറിവാണ് ഈ കെട്ടകാലത്തെ അതിജീവിക്കാനുള്ള കരുത്ത് ആർജിക്കേണ്ടത്. നമ്മുടെ അടുക്കളകൾ സജീവമാകട്ടെ... സ്വന്തം വീട്ടിലേക്കുള്ള മടക്കം, സ്വന്തം വേരുകൾ തേടിയുള്ള മടക്കം കൂടിയാണ്. വീടും പരിസരവും സമൂഹവും പ്രകൃതിയും ഒപ്പമുണ്ടെന്ന തോന്നല്‍. ഈ കൊവിഡ് കാലം അതിനുള്ള വഴിവിളക്കാണ്...