കൊല്ലം:വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി കൊല്ലത്ത് ലത്തീൻ രൂപത സംഘടിപ്പിച്ച നിരാഹാരസമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം. തീരദേശത്തുളളവരെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ചതിക്കപ്പെടുകയാണെന്നും ബിഷപ് പോൾ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു. അതിജീവനത്തിനായുള്ള സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം സമരം: സർക്കാരിനെതിരെ രൂക്ഷവിമർശനം ലത്തീൻ രൂപത - latin diocese
തീരദേശത്തുളളവരെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും പരിസ്ഥിതി ആഘാതപഠനം നടത്തി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ബിഷപ് പോൾ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം മാത്രമല്ല, സംസ്ഥാനമൊട്ടാകെയുളള തീരദേശത്തെ വിവിധ പദ്ധതികൾ മൽസ്യത്തൊഴിലാളികളെ സാരമായി ബാധിച്ചെന്ന് സൂചിപ്പിച്ചാണ് ബിഷപ് പോൾ ആന്‍റണി മുല്ലശ്ശേരി സർക്കാർ നടപടികളെ വിമർശിച്ചത് . പദ്ധതികൾക്കെതിരല്ല. പരിസ്ഥിതി ആഘാതപഠനം നടത്തി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണം. ഉറപ്പുകൾ പലതുണ്ടെങ്കിലും ചതിക്കപ്പെടുകയാണെന്ന് ബിഷപ് വിമർശിച്ചു.
കൊല്ലം പോർട്ടിനോട് ചേർന്ന് സിമന്‍റ് ഗോഡൗൺ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം. മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണത്തിന് സിആർഇസഡിൽ ലഭിക്കുന്ന ഇളവ് കൊല്ലത്ത് ലഭിക്കാത്തതും ബിഷപ് ചൂണ്ടിക്കാട്ടി. തീരദേശ ഹൈവേയ്ക്ക് കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്‌ടപരിഹാരവും പുനരധിവാസവും നൽകണമെന്നും രൂപത നേതൃത്വം നൽകിയ സമരത്തിൽ ആവശ്യമുയർന്നു.