കുന്നിടിച്ച് മണ്ണ് കടത്തൽ; എഴുപതോളം കുടുംബങ്ങൾ ദുരിതത്തിൽ
കുന്നുംപുറവും പരിസര പ്രദേശങ്ങളും ഇടിച്ചു നിരപ്പാക്കി മണ്ണ് കടത്താനുള്ള വൻ നീക്കമാണ് ഖനനമാഫിയ നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
കൊല്ലം: കൊട്ടാരക്കര വിലങ്ങറയിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നതിനെ തുടർന്ന് എഴുപതോളം കുടുംബങ്ങൾ ദുരിതത്തിൽ. മഴക്കാലത്തുപോലും കിണറുകളിൽ കുടിവെള്ളം കിട്ടാതായതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോളനിനിവാസികൾ. ഒന്നര വർഷം മുൻപാണ് കോടതി വിധിയെ തുടർന്ന് സ്വകാര്യവ്യക്തി ഒന്നരയേക്കറോളം മണ്ണിടിച്ച് പെട്രോൾ പമ്പ് തുടങ്ങിയത്. ജനങ്ങൾ തിങ്ങി പാർക്കുന്ന തലകോട്ട് കുന്നുംപുറവും പരിസര പ്രദേശങ്ങളും ഇടിച്ചു നിരപ്പാക്കി മണ്ണ് കടത്താനുള്ള വൻ നീക്കമാണ് ഇതിലൂടെ ഖനനമാഫിയ നടത്തുന്നതെന്നാണ് നാട്ടുക്കാരുടെ പരാതി. കുന്നിടിക്കുന്നതിനാൽ മഴക്കാലത്ത് ഉറവകളിൽ നിന്നും വലിയതോതിൽ വെള്ളമിറങ്ങി സമീപത്തെ റോഡുകൾ നിറഞ്ഞൊഴുകുന്ന അവസ്ഥയിലാണ്. പരിസ്ഥിതി നാശത്തിനും രൂക്ഷമായ വരൾച്ചയിലേക്കും നയിക്കുന്ന ഇത്തരം പ്രവൃത്തികളിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.