പരിശോധനാഫലം വരുന്നതിന് മുമ്പേ നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് പറഞ്ഞുവിട്ടയാള്‍ക്ക് കൊവിഡ്
ഓട്ടോ ഡ്രൈവറടക്കം നിരവധി പേരെ നിരീക്ഷണത്തിലാക്കി.
കൊല്ലം: കൊട്ടാരക്കരയിലെ കിലയിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഗുരുതര വീഴ്‌ച. പരിശോധനാഫലം വരുന്നതിന് മുമ്പേ നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് പറഞ്ഞുവിട്ടയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇദ്ദേഹത്തെ വാളകത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. രോഗി സഞ്ചരിച്ച ഓട്ടോ ഡ്രൈവർ, വീട്ടുകാർ, വീട്ടിലേക്ക് വരും വഴി സമ്പർക്കത്തിലായ കടക്കാരൻ ഉൾപ്പടെ ഉള്ളവർ നിരീക്ഷണത്തിലായിരിക്കുകയാണ്. വെട്ടിക്കവല പഞ്ചായത്തിലെ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇ.എസ്.ഐ ആശുപത്രിയിൽ പ്രസവശുശ്രൂഷയ്ക്ക് അഡ്മിറ്റ് ചെയ്ത യുവതി, വെട്ടിക്കവല മൊട്ടവിള സ്വദേശിനിയായ 33 കാരി എന്നിവര്‍ക്കാണ് രോഗബാധ. ഏഴാം തിയതിയാണ് യുവതിയെ എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നതിന് മുൻപായി കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഫലം ശനിയാഴ്ച രാത്രിയോടെയാണ് ലഭിച്ചത്. പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പേർ സമ്പർക്കപ്പട്ടികയിൽ ഉണ്ടെന്നാണ് അധികൃതർ അറിയിച്ചത്.