കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊട്ടാരക്കരയിൽ പോളിങ് കണക്കുകൾ വിലയിരുത്തി മുന്നണികളും സ്ഥാനാർഥികളും. മികച്ച പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാണെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നു. 29 വാർഡുകളുള്ള കൊട്ടാരക്കര നഗരസഭയിൽ 18 വാർഡുകളിലും എല്‍ഡിഎഫാണ് ഭരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്; വിജയമുറപ്പിച്ച് മൂന്ന് മുന്നണികളും
മോദിയുടെ വികസനങ്ങള്‍ വോട്ടായി മാറുമെന്ന് ബിജെപിയും ഭരണം നിലനിര്‍ത്തുമെന്ന് ഇടത് മുന്നണിയും ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫും
ഭരണം നിലനിർത്തുമെന്നാണ് ഇടത് നേതാക്കളുടെ വിശ്വാസം. പോളിങ് ശതമാനം 68.91 ശതമാനം വർധിച്ചത് തങ്ങൾക്ക് അനുകൂലമാണെന്നും ഇടതുപക്ഷം അവകാശപ്പെടുന്നു. നഗരസഭയിൽ 19 സീറ്റുകൾ പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും യുഡിഎഫിന് അനുകൂല വിധിയുണ്ടാകുമെന്നും ഐക്യജനാധിപത്യമുന്നണി ഉറപ്പിക്കുന്നു. അതേസമയം മോദി സർക്കാരിന്‍റെ വികസനങ്ങൾ വോട്ടുകളായി മാറുമെന്നും ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നുമാണ് ബിജെപി കരുതുന്നത്. കൊട്ടാരക്കര നഗരസഭ കൂടാതെ മൈലം, കുളക്കട തുടങ്ങിയ പഞ്ചായത്തുകളും പിടിച്ചെടുക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. പല വാർഡുകളിലെയും സ്വതന്ത്രസ്ഥാനാർഥികളും വലിയ വിജയപ്രതീക്ഷയിലാണ്. 16ന് രാവിലെ എട്ട് മണി മുതല്‍ കൊട്ടാരക്കര ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും വോട്ടെണ്ണല്‍ നടക്കുക.