വധൂവരൻമാർക്ക് നേരെ ഓലമടലെറിഞ്ഞ് കൊമ്പന്‍റെ കലിപ്പ് കൊല്ലം: 'കൊമ്പൻ സിംഗിളാണെന്ന് തോന്നുന്നു... അതല്ലേ കപ്പിൾസിനെ കണ്ടപ്പോൾ കലിപ്പായത്...' കൊല്ലത്തെ വൈറൽ വീഡിയോയ്‌ക്ക് താഴെ വന്ന രസകരമായ കമന്‍റുകളിലൊന്നാണിത്. കൊല്ലം പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഫോട്ടോഷൂട്ടിനെത്തിയ നവ വധൂവരന്മാർക്ക് നേരെ ഓലമടൽ എറിയുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
വിവാഹച്ചടങ്ങിന് ശേഷം ഫോട്ടോഷൂട്ടിനായി എത്തിയ ജയശങ്കറിന്‍റെയും ഗ്രീഷ്‌മയുടെയും നേർക്കാണ് ശരവണൻ എന്ന ആന ഓലമടൽ വലിച്ചെറിഞ്ഞത്. ഫോട്ടോഷൂട്ട് കഴിഞ്ഞ് തിരിച്ച് നടക്കവെയാണ് സംഭവം. ശരവണൻ എറിഞ്ഞ ഓലമടൽ വരനായ ജയശങ്കറിന്‍റെ തോളിൽ ഉരസിയാണ് കടന്നുപോയത്.
ആദ്യമൊന്ന് ഞെട്ടിയെങ്കിലും ആനയുടെ കുസൃതിയാണെന്ന് അറിഞ്ഞതോടെ ഇരുവരും ചിരിച്ചുകൊണ്ട് നടന്നുപോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചാം തീയതിയായിരുന്നു ഗ്രീഷ്‌മയുടെയും ജയശങ്കറിന്‍റെയും വിവാഹം. കൊല്ലത്തെ പ്രാക്കുളം സ്വദേശി റെജിൻ ലാലിന്‍റെ ഉടമസ്ഥതയിലുള്ള നാച്ചോ വെഡ്ഡിങ്‌സിനായിരുന്നു കല്യാണ വീഡിയോഗ്രാഫിയുടെ ചുമതല.
വധുവായ ഗ്രീഷ്‌മയുടെ അച്ഛൻ ഉൾപ്പെടുന്ന ക്ഷേത്രം ഉപദേശക സമിതി വർഷങ്ങൾക്ക് മുമ്പ് പന്മന ക്ഷേത്രത്തിൽ നടക്കിരുത്തിയതാണ് ശരവണനെ. പൊതുവേ ശാന്ത സ്വഭാവിയായ ശരവണന്‍റെ അടുത്ത് കൊച്ചുകുട്ടികൾ പോലും ഭയമില്ലാതെ പോകാറുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. വൈക്കത്തഷ്‌ടമിക്ക് ഭഗവാന്‍റെ തങ്കത്തിടമ്പ് ഏറ്റിയതും ശരവണനായിരുന്നു.