കേരളം

kerala

ETV Bharat / state

കൊല്ലം വീണ്ടും പിടിച്ചെടുത്ത് എൻ കെ പ്രേമചന്ദ്രൻ - യുഡിഎഫ് സ്ഥാനാർഥി

കൊല്ലത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പം നിൽക്കുമ്പോഴാണ് യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്

കൊല്ലം വീണ്ടും പിടിച്ചെടുത്ത് എൻ കെ പ്രേമചന്ദ്രൻ

By

Published : May 24, 2019, 1:23 AM IST

കൊല്ലം: കടുത്ത രാഷ്ട്രീയ മത്സരം നടന്ന കൊല്ലത്ത് യുഡിഎഫിനായി വീണ്ടും വെന്നിക്കൊടി പാറിച്ച് എൻ കെ പ്രേമചന്ദ്രൻ. രാഷ്ട്രീയത്തിനതീതമായ വ്യക്തിപ്രഭാവവും മികച്ച ജനകീയ അടിത്തറയുമാണ് ഇക്കുറിയും പ്രേമചന്ദ്രന്‍റെ വിജയത്തിലെ പ്രധാനഘടകങ്ങൾ.

കൊല്ലം വീണ്ടും പിടിച്ചെടുത്ത് എൻ കെ പ്രേമചന്ദ്രൻ

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയെ തോൽപ്പിച്ചായിരുന്നു പ്രേമചന്ദ്രന്‍റെ കഴിഞ്ഞതവണത്തെ വിജയം. അതോടെ ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുക എന്നത് സിപിഎമ്മിന് അഭിമാനപ്രശ്നമായിരുന്നു. മികച്ച പാർലമെന്‍റേറിയനും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എൻ ബാലഗോപാലിനെ സിപിഎം രംഗത്തിറക്കിയത് പ്രേമചന്ദ്രനെതിരെ മണ്ഡലത്തിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർഥി എന്ന നിലയിലാണ്. ആ കടമ്പയും മറികടന്നാണ് പ്രേമചന്ദ്രൻ കൊല്ലം വീണ്ടും ഉറപ്പിച്ചത്. കൊല്ലത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പം നിൽക്കുമ്പോഴാണ് യുഡിഎഫ് സ്ഥാനാർഥി ലോക്സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും എൻഎസ്എസിന്‍റെ പിന്തുണയും ഇക്കുറിയും പ്രേമചന്ദ്രന് ഗുണമായി മാറി. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം എന്ന യുഡിഎഫ് നിലപാട് വോട്ടാക്കി. ഈ വിഷയത്തിൽ ഇടതുപക്ഷത്തെ ഒരു വിഭാഗം വിശ്വാസികളുടെ നിലപാട് സിപിഎമ്മിന് എതിരായത് പ്രേമചന്ദ്രന് ഗുണം ചെയ്തു.

ബിജെപിയുമായി പ്രേമചന്ദ്രന് ധാരണ ഉണ്ടെന്നും സംഘിയാണെന്നുമുള്ള സിപിഎം ആരോപണങ്ങൾ വേണ്ടത്ര ഏശിയതുമില്ല. കൊല്ലം ബൈപ്പാസ്, കൊല്ലം - ചെങ്കോട്ട ബ്രോഡ്ഗേജ് പൂർത്തീകരണം, പാരിപ്പള്ളി മെഡിക്കൽ കോളേജ് തുടങ്ങിയവ വികസന നേട്ടങ്ങളായി ഉയർത്തിക്കാട്ടി. രാഹുൽഗാന്ധിയുടെ വരവും പ്രേമചന്ദ്രന് ഗുണം ചെയ്തു. രാഹുൽ പ്രഖ്യാപിച്ച മിനിമം വേതനം പദ്ധതിയും മണ്ഡലത്തിലെ വോട്ട് ബാങ്കായ കശുവണ്ടി മേഖലയ്ക്കുള്ള പുനരുദ്ധാരണ പാക്കേജും പ്രധാന പ്രചരണായുധങ്ങളായിരുന്നു. ഒരേസമയം മണ്ഡലത്തിലെയും പാർലമെന്‍റിലെയും സജീവസാന്നിധ്യമായി മാറുന്ന വൈഭവവും പ്രേമചന്ദ്രന്‍റെ പ്രതിച്ഛായയിൽ പൊൻതൂവലായി. കഴിഞ്ഞ തവണ രാജ്യത്തെ മികച്ച എംപിമാരുടെ പട്ടികയിൽ എത്തിയ പ്രേമചന്ദ്രൻ ഒരുതവണകൂടി ലോക്സഭയിലെ കൊല്ലത്തിന്‍റെ ശബ്ദമാവുന്നു. നാലാം തവണയാണ് അദ്ദേഹം കൊല്ലത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. അഭിമാനപ്രശ്നമായി കണ്ട് ആർഎസ്പിയെയും പ്രേമചന്ദ്രനെയും വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയ സിപിഎം അതിനായി ഇനിയും കാത്തിരിക്കേണ്ടിവരും.

ABOUT THE AUTHOR

...view details