മീനച്ചൂടിൽ തിളച്ച് മറിഞ്ഞ് കൊല്ലം. നാൽപ്പത് ഡിഗ്രി ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ കിഴക്കൻ മേഖലയായ പുനലൂരിൽ അടക്കം രേഖപ്പെടുത്തിയത്. നിരവധി പേർക്ക് സൂര്യാഘാതമേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കർശന ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.
മീനച്ചൂടിൽ ഉരുകി കൊല്ലം; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പേർക്കാണ് സൂര്യാഘാതമേറ്റത്. ഈ സാഹചര്യത്തിലാണ് കർശന ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.
ജില്ലയുടെ പല ഭാഗത്തും കൃഷികൾ പലതും കത്തിക്കരിഞ്ഞു. ജില്ലയുടെ പ്രധാന ജലസ്രോതസ്സായ കല്ലടയാറ്റിലടക്കം ജലനിരപ്പും താഴ്ന്നതോടെ ജില്ലയിൽ പലയിടത്തും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. തെന്മല പരപ്പാർ ഡാമും വൃഷ്ടി പ്രദേശങ്ങളും വറ്റിവരണ്ടു. ചൂട് വർധിച്ചതോടെ, കാട്ടുതീയും വ്യാപകമാണ്. ചൂടിന്‍റെ കാഠിന്യമേറിയ സാഹചര്യത്തിൽ രാവിലെ 9.30 മുതൽ ഉച്ചവരെ നിർമ്മാണ പ്രവൃത്തികൾ പാടില്ലെന്ന് ആരോഗ്യ വിഭാഗത്തിന്‍റെ കർശന നിർദ്ദേശമുണ്ട്.
പുനലൂരിൽ കഴിഞ്ഞ ദിവസം മാത്രം നാല് പേർക്കാണ് സൂര്യാഘാതമേറ്റത്. തെന്മല, കടയ്ക്കൽ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ അച്ഛനും മകനും അടക്കം നാലുപേർക്ക് സൂര്യഘാതമേറ്റു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജില്ലയുടെ കിഴക്കന്‍ മേഖലയിൽ കർശന ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.