കേരളം

kerala

ETV Bharat / state

വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥിക്ക് ശൗചാലയം നിഷേധിച്ച് അധ്യാപിക

പല തവണ കരഞ്ഞുപറഞ്ഞിട്ടും ശൗചാലയത്തിൽ പോകാൻ അധ്യാപിക അനുവാദം നല്‍കിയില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞു. കരഞ്ഞുതളർന്ന് കുട്ടി ക്ലാസില്‍ ബോധംകെട്ട് വീണെന്നും പരാതിയുണ്ട്.

സ്കൂള്‍

By

Published : Mar 22, 2019, 4:14 AM IST

Updated : Mar 22, 2019, 7:45 AM IST

വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിയെ ശൗചാലയത്തിൽ പോകാൻ അനുവദിക്കാതെ രണ്ടുമണിക്കൂറോളം പരീക്ഷാഹാളിൽ ഇരുത്തി അധ്യാപികയുടെ ക്രൂരത. കൊല്ലം കടയ്ക്കല്‍ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം.

ചൊവ്വാഴ്ച കെമിസ്ട്രി പരീക്ഷ തുടങ്ങിയ ഉടനെയാണ് എസ്എസ്എൽസി വിദ്യാർത്ഥിക്ക് പരീക്ഷ ഹാളിൽ വച്ച് വയറുവേദന അനുഭവപ്പെട്ടത്. പല തവണ കരഞ്ഞുപറഞ്ഞിട്ടും തനിക്ക് ശൗചാലയത്തിൽ പോകാൻ അധ്യാപിക അനുവാദം നല്‍കിയില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞു. കരഞ്ഞുതളർന്ന് കുട്ടി ക്ലാസില്‍ ബോധംകെട്ട് വീണെന്നും പരാതിയുണ്ട്. പരീക്ഷാ ഡ്യൂട്ടിയ്ക്കായി പുറത്തുനിന്നെത്തിയ സ്കൂൾ സ്റ്റാഫുകൾ കുട്ടിയുടെ അടുത്ത് എത്തി കാര്യം തിരക്കിയതിന് ശേഷമാണ് കുട്ടിക്ക് ശൗചാലയത്തില്‍ പോകാന്‍ സാധിച്ചത്. തിരിച്ച് ക്ലാസിലേക്ക് എത്തിയപ്പോഴെക്കും പരീക്ഷാസമയം അവസാനിച്ചിരുന്നു.

അധ്യാപികയുടെ അനാസ്ഥ മൂലമാണ് കുട്ടിക്ക് പരീക്ഷയെഴുതാൻ കഴിയാതിരുന്നതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു. സംഭവത്തോടെ കുട്ടി കടുത്ത പരാജയഭീതിയിലാണെന്നും മറ്റുള്ളവരോട് സംസാരിക്കുകയോ പഠനത്തിൽ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലെന്നും കുട്ടിയുടെ മാതാവ് കൂട്ടിച്ചേര്‍ത്തു. അധ്യാപികക്കെതിരെ വിദ്യാർഥിയുടെ രക്ഷകർത്താക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് ഇവർ. അധ്യാപികയുടെ നടപടിക്കെതിരെ സ്കൂളിലും പുറത്തും വൻ പ്രതിഷേധമാണ് ഉയരുന്നത്.

Last Updated : Mar 22, 2019, 7:45 AM IST

ABOUT THE AUTHOR

...view details