കൊല്ലം: ശക്തികുളങ്ങരയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. തിങ്കളാഴ്‌ച(11.07.2022) പുലർച്ചെ അഞ്ചരയോടെ മത്സ്യ ബന്ധനത്തിന് പോയ 'കാണിക്ക മാതാ' വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. ശക്തികുളങ്ങര മരുത്തടി സ്വദേശികളായ ആന്‍റോ എബ്രഹാം, ഇസ്‌തേവ് പത്രോസ് എന്നിവരെയാണ് കാണാതായത്.
ശക്തികുളങ്ങരയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; രണ്ട് പേരെ കാണാതായി അഴിമുഖം കഴിഞ്ഞ് കുറച്ച് മാറിയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം അപകടത്തിൽപ്പെട്ടത്. നാല് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരോടൊപ്പം മത്സ്യ ബന്ധനത്തിന് പോയ മറ്റ് വള്ളക്കാർ രണ്ട് പേരെ രക്ഷപ്പെടുത്തി. ബിനു ഡാനിയേൽ, വിനോദ് പീറ്റർ എന്നിവരാണ് രക്ഷപ്പെട്ടത്.
വിനോദ് പീറ്ററിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ് അപകടത്തിൽപ്പെട്ട വള്ളം. ശക്തികുളങ്ങരയിൽ നിന്നും പോയ രണ്ട് ബോട്ടുകൾ തെരച്ചിൽ നടത്തിയെങ്കിലും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞില്ല. അപകടത്തിൽപ്പെട്ട വള്ളം കണ്ടെത്തി കരയിൽ എത്തിച്ചിട്ടുണ്ട്.
കാണാതായവർ വള്ളത്തിലെ വലയിൽ കുടുങ്ങി കിടക്കുകയാണെന്ന സംശയത്തെ തുടർന്ന് വള്ളം ജെസിബി ഉപയോഗിച്ച് ഹാർബറിലേക്ക് മാറ്റി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവം അറിഞ്ഞ് ഹാർബറിൽ ജനം തടിച്ച് കുടി. കൊല്ലം എ.സി.പിയുടെ നേത്യത്വത്തിൽ പൊലീസും സംഭവ സ്ഥലത്ത് എത്തി. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.