കൊല്ലം അഞ്ചലില്‍ നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദനം കൊല്ലം: അഞ്ചലില്‍ നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദനം. പലിശയ്‌ക്കെടുത്ത പണം തിരികെ നൽകാന്‍ വൈകിയതിനെ തുടര്‍ന്നാണ് അഞ്ചല്‍ സ്വദേശിയായ വിഷ്‌ണുവിന് മർദനമേറ്റത്. സംഭവത്തില്‍, ഏരൂർ സ്വദേശിയായ ചിത്തിര ഷൈജു, അഞ്ചല്‍ സ്വദേശിയായ സൈജു ഉള്‍പ്പെടെയുള്ള നാലംഗ സംഘം പിടിയിലായി.
കല്ലുകൊണ്ട് തലയ്ക്കും ശരീരത്തിലും ഇടിച്ചാണ് പരിക്കേൽപ്പിച്ചത്. ഇന്നലെ (ഡിസംബര്‍ 18) അഞ്ചൽ പനച്ചിവിളയില്‍ രാത്രിയാണ് ആളുകൾ നോക്കിനിൽക്കെ അക്രമം. സൈജുവില്‍ നിന്നാണ് വിഷ്‌ണു പലിശയ്ക്ക് പണം വാങ്ങിയത്. പലിശ മുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തേ തന്നെ തർക്കമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നിയമ നടപടി നടക്കുന്നതിനിടെയാണ് വീണ്ടും അതിക്രമം.
സൈജു കാപ്പ കേസിലെ പ്രതി:പണത്തെ ചൊല്ലി ഇന്നലെ തര്‍ക്കമുണ്ടാവുകയും പിന്നാലെ വിഷ്‌ണു ബൈക്കിൽ കയറി പോകാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടെയാണ് സംഘം മർദിച്ചത്. വിഷ്‌ണുവിനെ ആക്രമിച്ച ശേഷം ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഷൈജു, സൈജു എന്നിവരടങ്ങുന്ന സംഘത്തെ നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ സൈജുവിനെതിരെ നേരെ കാപ്പ ചുമത്തിയിട്ടുണ്ട്.
അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിഷ്‌ണു. നാട്ടുകാര്‍ വന്നതുകൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് പരിക്കേറ്റ യുവാവ് പറഞ്ഞു. വിഷ്‌ണുവിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ്, വധശ്രമം അടക്കമുള്ളവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് സൂചന.