കൊല്ലം :പിഎഫ്ഐ പിരിച്ചുവിട്ടതായി സംഘടനയുടെ കേരളത്തിലെ ജനറല്‍ സെക്രട്ടറി അബ്‌ദുള്‍ സത്താര്‍. കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അബ്‌ദുള്‍ സത്താര്‍ ഫെയ്‌സ്‌ബുക്കില്‍ അറിയിച്ചു.
രാജ്യത്തെ നിയമത്തെ അനുസരിക്കുന്ന പൗരന്‍മാര്‍ എന്ന നിലയില്‍ പിഎഫ്‌ഐ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം അംഗീകരിക്കുന്നതായി അബ്‌ദുള്‍ സത്താര്‍ ഫെയ്‌സ്‌ബുക്കില്‍ വ്യക്തമാക്കി. അഭ്യന്തരമന്ത്രാലയം സംഘടനയെ നിരോധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ പിഎഫ്‌ഐ പിരിച്ചുവിട്ട കാര്യം അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അബ്‌ദുള്‍ സത്താറിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പിഎഫ്ഐക്കെതിരെ നടന്ന രാജ്യവ്യാപകമായ റെയ്‌ഡില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23ന് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തതിന് ശേഷം അബ്‌ദുള്‍ സത്താര്‍ ഒളിവില്‍ ആയിരുന്നു. ഇദ്ദേഹത്തെ കേരള പൊലീസ് എന്‍ഐഎയ്‌ക്ക് കൈമാറും.
പിഎഫ്ഐയുടെ ഹര്‍ത്താലില്‍ വ്യാപകമായ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് ഉടനീളം ഉണ്ടായത്. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ അടക്കമുള്ള പൊതുമുതലുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പൊതുജനങ്ങള്‍ക്ക് നേരെയും പിഎഫ്ഐ അംഗങ്ങളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി.
15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിലാണ് എന്‍ഐഎയുടെ ഏകോപനത്തോടെ വിവിധ കേന്ദ്ര ഏജന്‍സികള്‍ പിഎഫ്ഐ ആസ്ഥാനങ്ങളില്‍ പരിശോധന നടത്തിയത്. 100ലധികം പിഎഫ്‌ഐ നേതാക്കളെയാണ് ഇതില്‍ അറസ്‌റ്റ് ചെയ്‌തത്. പിഎഫ്‌ഐയുടെ ശക്തികേന്ദ്രമായ കേരളത്തില്‍ നിന്ന് 22 പേര്‍ പിടിയിലായി. എന്‍ഐഎ, ഇഡി, സംസ്ഥാന പൊലീസ് എന്നിവരാണ് നേതാക്കളെ അറസ്‌റ്റ് ചെയ്‌തത്.