കൊല്ലം: മലയാളികളുടെ മനസിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓണത്തിന് ഇനി പത്തുനാൾ മാത്രം. തൊടികളിലും പാടവരമ്പിലും വേലിപ്പടർപ്പുകളിലും വർണങ്ങൾ പൂത്തുലയുന്ന കാലം. മലയാളക്കരയ്‌ക്ക് പൂവിളികളുടെയും പൂക്കളങ്ങളുടെയും ആഘോഷം.
അത്തം പിറന്നു; പൊന്നോണം വരവായി, പൂവിളികളും പൂക്കളങ്ങളും വീണ്ടും കൊവിഡിനുശേഷം എത്തുന്ന ഓണം ആഘോഷമാക്കാൻ നാടും നഗരവും ഒരുങ്ങിയിരിക്കുകയാണ്. തുമ്പയും കാക്കപ്പൂവും കൊങ്ങിണിയും മുക്കുറ്റിയും തൂവി ഒരു കുട്ട പൂക്കൾക്കൊപ്പം പൂക്കളം കളറാക്കാൻ ബന്തി, ജമന്തി, വാടാർമല്ലി, അരളി തുടങ്ങിയവയും വിപണിയിൽ എത്തിക്കഴിഞ്ഞു. കടകളിലും വഴിയോരങ്ങളിലും പൂക്കൾ തയ്യാറാണ്.
വിപണി ഉണർന്നില്ലെങ്കിലും ആവശ്യക്കാരെ പ്രതീക്ഷിച്ച് പൂക്കളുമായി വഴിയോര കച്ചവടക്കാർ നേരത്തെ തന്നെ നഗരത്തില്‍ എത്തിക്കഴിഞ്ഞു. മുൻ വർഷങ്ങളിലെ പോലെ തന്നെ ഇതരസംസ്ഥാനത്ത് നിന്നുമാണ് ഇത്തവണയും പൂക്കള്‍ എത്തിയത്. ആഘോഷങ്ങൾക്ക് മാറ്റ് കുറയാതിരിക്കാൻ വില എത്രയായാലും പൂവ് വാങ്ങാൻ ആളുണ്ടാകും എന്നതാണ് ഇതരസംസ്ഥാനക്കാരായ കച്ചവടക്കാരെ ഇവിടേക്ക് എത്തിക്കുന്നത്.
ഓണം അടുക്കുന്നതോടെ സ്‌കൂൾ, കോളജ്, സംഘടനകൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന പൂക്കളമത്സരങ്ങളിലാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഇതോടെ ഓരോ ഇനത്തിനും വില വർധിക്കുമെന്ന് കച്ചവടക്കാർ പറഞ്ഞു. തമിഴ്‌നാട്ടിലെ ദിണ്ടിഗല്ലിലെ നീലക്കോട്ട കൂടാതെ തേനി, മധുര, ഹൊസൂർ, ചെങ്കോട്ട, തോവാള എന്നിവിടങ്ങളിൽ നിന്നും പൂക്കൾ എത്തുന്നുണ്ട്.
അതേസമയം അപ്രതീക്ഷിതമായി പെയ്യുന്ന മഴ വില്ലനാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. കൊവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടുവർഷവും തിളക്കം കുറഞ്ഞുപോയ ഓണനാളുകളുടെ പ്രൗഢി തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ഇത്തവണ ഓരോ മലയാളിയും.