കൊല്ലം: അറിവിന്‍റെയും വിനോദത്തിന്‍റെയും അദ്‌ഭുത ലോകമാണ് വായന നമുക്ക് സമ്മാനിക്കുന്നത്. അതിന്‍റെ പ്രാധാന്യം മലയാളിക്ക് മനസിലാക്കി തന്ന എഴുത്തുക്കാരൻ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കപ്പെടുന്നു.
എല്ലാ ഗ്രാമങ്ങളിലും വായനശാലയെന്നതായിരുന്നു പി.എൻ പണിക്കരുടെ സ്വപ്നം. അത് സാക്ഷാത്‌കരിച്ച നാടാണ് കൊല്ലത്തെ ഇട്ടിവ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈബ്രറികളുള്ള പഞ്ചായത്താണിത്.
ഇട്ടിവ എന്ന ലൈബ്രറി ഗ്രാമം നാൽപതിനായിരം പേരുള്ള ഇട്ടിവ പഞ്ചായത്തില്‍ 21 വാർഡുകളിലായി 30 വായനശാലകളുണ്ട്. ഇരുപതിനായിരം പേർ വായനശാല അംഗങ്ങളാണ്.ഇവിടെ എ ഗ്രേഡ് ലൈബ്രറികളും എ പ്ലസ് ഗ്രേഡ് ലൈബ്രറികളുമുണ്ട്. മാത്രമല്ല അഞ്ച് എ ഗ്രേഡ് ലൈബ്രറികളിൽ മൂന്നും സപ്‌തതി പിന്നിട്ടവയാണ്.
രണ്ട് ലൈബ്രറികൾക്കാണ് എ പ്ലസ് ഗ്രേഡുള്ളത്. കാട്ടാമ്പള്ളി സൻമാർഗദായിനി, ചാണപ്പാറ സൻമാർഗദായനി സ്‌മാരക ഗ്രന്ഥശാല എന്നിവയാണ് എ പ്ലസ് ഗ്രേഡുള്ളവ. ഏറ്റവും കൂടുതൽ ലൈബ്രറികൾ ഉള്ള ഗ്രാമം എന്നത് മാത്രമല്ല, കൂടുതൽ സർക്കാർ ജീവനക്കാരെ സമ്മാനിക്കുന്ന നാടെന്ന കീർത്തിയും ഇട്ടിവയ്ക്ക് സ്വന്തമാണ്.
അതിന് കാരണവും ഈ വായനശാലകൾ തന്നെ. വനിതാവേദിയും ബാലവേദിയും വയോജന വേദിയുമൊക്കെയായി വായനശാലകളുടെ നേതൃത്വത്തിലുള്ള കൂട്ടായ്‌മകൾ വേറെയുമുണ്ട്. മുതിർന്നവർ മുതൽ കുട്ടികൾ വരെ ഈ വായനശാലകളിലെ സജീവ പ്രവർത്തകരാണ്.
ഏറ്റവും നല്ല ഗ്രന്ഥശാല പ്രവർത്തനത്തിനുള്ള സർക്കാർ പുരസ്കാരം പലതവണ ഇട്ടിവയെ തേടിയെത്തിയിട്ടുണ്ട്. കൊവിഡ് കാരണം പലരും വീട്ടിൽ ഒതുങ്ങിയപ്പോൾ വായന മുടങ്ങാതിരിക്കാൻ അക്ഷരസേനയുടെ നേതൃത്വത്തിൽ പുസ്‌തകങ്ങൾ വീട്ടിൽ എത്തിച്ചുനൽകാനും തുടങ്ങിയിരുന്നു.
കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ ലൈബ്രറി, പ്രൊജക്‌ടർ പ്രസന്‍റേഷൻ എന്നിവയും ലൈബ്രറിയുടെ സവിശേഷതകളാണ്. ഡിജിറ്റല്‍ വായന സജീവമാകുന്ന കാലത്ത് പുസ്തകങ്ങളെ ചേര്‍ത്തുപിടിക്കുന്നു ഇട്ടിവ.