കൊല്ലം : മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
അധ്യാപകരുടെ പീഡനമാണ് ഫാത്തിമയുടെ ജീവനെടുത്തതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്‍റേണല്‍ മാര്‍ക്ക് കുറഞ്ഞത് കാരണമാണ് ഫാത്തിമ ആത്മഹത്യ ചെയ്‌തതെന്നാണ് ഐ.ഐ.ടി പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നത്. ഇത് തീര്‍ത്തും വാസ്‌തവ വിരുദ്ധമാണ്.
മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനിയുടെ മരണം കൊലക്കുറ്റത്തിന് കേസെടുക്കണം: ജെ മേഴ്‌സിക്കുട്ടിയമ്മ - മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥിനിയുടെ മരണം
ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ ഫാത്തിമയ്ക്ക് കുറഞ്ഞ മാര്‍ക്ക് നല്‍കാന്‍ ബോധപൂര്‍വം അധ്യാപകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഫാത്തിമ നല്‍കിയ അപ്പീലില്‍ 20 ല്‍ 18 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ കേവലം ഇന്‍റേണല്‍ മാര്‍ക്ക് എന്നതാണ് ആത്മഹത്യക്ക് കാരണമെന്ന് കണ്ടെത്തിയ ഐ.ഐ.ടി നിലപാട് സംശയാസ്‌പദമാണ്. ഫാത്തിമയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത പീഡനങ്ങള്‍ മറച്ചു വയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജാതീയമായ വിവേചനങ്ങള്‍ക്ക് കുട്ടി ഇരയായിട്ടുണ്ടെന്ന ആക്ഷേപങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ അധ്യാപകരടക്കമുള്ള കുറ്റക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നടപടി സ്വീകരിക്കണമെന്ന് മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി..
മദ്രാസ് ഐ.ഐ.ടി യുടെ എച്ച്.എസ്.ഇ.ഇ കോഴ്‌സിനുള്ള പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം റാങ്കുകാരിയായിരുന്നു ഫാത്തിമ. സിവില്‍ സര്‍വീസ് സ്വപ്നമായി കൊണ്ടുനടന്ന മിടുക്കിയായ ഫാത്തിമയ്ക്ക് സംഭവിച്ച ദുര്യോഗം ഓരോ മലയാളിയുടെയും വേദനയാണെന്നും മക്കളെ ഉന്നത വിദ്യാഭാസത്തിനായി കേരളത്തിന് പുറത്തേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.