കൊല്ലം:കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ ഗൃഹനാഥൻ അറസ്റ്റിൽ. എഡ്വേർഡിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഭാര്യ വർഷയെയും രണ്ട് വയസും, മൂന്ന് മാസം പ്രായവുമുളള കുഞ്ഞുങ്ങളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വർഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി പൊലീസ് പറയുന്നു. മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനുശേഷം വർഷ എഡ്വേർഡിനൊപ്പം പോകാതെ മുഖത്തലയിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഭാര്യയും മക്കളും വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം; ഗൃഹനാഥൻ അറസ്റ്റിൽ - വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം
ഭാര്യ വർഷയെയും രണ്ട് വയസും, മൂന്ന് മാസം പ്രായവുമുളള കുഞ്ഞുങ്ങളെയും വിഷം കുത്തിവച്ചാണ് പ്രതി എഡ്വേർഡ് കൊലപ്പെടുത്തിയത്.
ദിവസങ്ങൾക്കു മുമ്പ് എഡ്വേർഡ് മൂത്ത കുട്ടികളെ കേരളപുരത്തെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്‌ച രാവിലെ മുഖത്തലയിലെ വീട്ടിലെത്തി വർഷയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. പിന്നീട് തിരിച്ച് വീട്ടിലെത്തിയശേഷം ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. തുടർന്ന് എഡ്വേർഡ് മൂന്നുപേരെയും വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നു. ശേഷം വിഷം സ്വയം കുത്തി വച്ചു മരിക്കാൻ ശ്രമിച്ച എഡ്വേർഡ് രക്ഷപ്പെട്ടു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. മൂത്ത കുട്ടിയോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് ആ കുട്ടിയെ ഒഴിവാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വിദേശത്തുള്ള തന്‍റെ ജേഷ്‌ഠനോട് മൂത്ത മകളെ നോക്കിക്കൊള്ളണമെന്ന് ആവശ്യപ്പെട്ടതായും ഇയാൾ പറഞ്ഞു.