കൊല്ലം:കൊല്ലത്ത് കൊവിഡ് വാക്സിനുള്ള ടോക്കൺ നൽകുന്നതിൽ വൻ ക്രമക്കേടും അഴിമതിയും. പൊതുജനങ്ങളുടെ പരാതിയില്‍ പൊലീസ് എത്തി തിരിമറി കണ്ടെത്തി. കൊല്ലം ജില്ല ആശുപത്രിക്ക് സമീപത്തെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് പണം നല്‍കി വാക്‌സിനേഷന് ടോക്കൺ നല്‍കുന്നതായി കണ്ടെത്തിയത്. ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ വാക്‌സിനേഷനില്‍ വൻ തിരിമറി നടത്തുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. രാവിലെ ഏഴ് മണി മുതൽ വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന ക്രമമനുസരിച്ച് ടോക്കൺ നൽകും. 250 ടോക്കൺ വരെയാണ് ഒരു ദിവസം ജില്ല ആശുപത്രിയിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. അങ്ങനെ ലഭിക്കുന്ന 250 ടോക്കൺ വാങ്ങി മറിച്ചു വില്‍ക്കുന്നവരില്‍ നിന്ന് 100 രൂപ നല്‍കി ടോക്കൺ വാങ്ങിയവർ ഇടിവി ഭാരതിനോട് വിവരങ്ങൾ പങ്കുവെച്ചു. സാധാരണക്കാരുടെ അജ്ഞത മുതലെടുത്താണ് ടോക്കൺ നല്‍കാൻ പണം വാങ്ങുന്നത്. ആശുപത്രി ജീവനക്കാർ ചെറിയ കാർഡ് ബോർഡ് കഷണത്തിലാണ് ടോക്കൺ നമ്പർ നൽകുന്നത്. ഇത് മുതലെടുത്താണ് വ്യാജ ടോക്കണുകൾ വ്യാപകമായത്. ജില്ല ആശുപത്രിയിലെ ചില ജീവനക്കാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ആരോപണം. ഇതേതുടർന്ന് രാവിലെ എത്തി ടോക്കൺ വാങ്ങിയവർക്ക് വാക്‌സിൻ ലഭിക്കാതെ വന്നതോടെയാണ് പൊലീസിന് വിവരം ലഭിച്ചത്.
ETV BHARAT EXCLUSIVE: 100 രൂപയ്ക്ക് കൊവിഡ് വാക്‌സിൻ ടോക്കൺ, കൊല്ലത്ത് വാക്‌സിനേഷനില്‍ വൻ തിരിമറി - കൊല്ലത്ത് കൊവിഡ് വാക്‌സിൻ വിതരണം
250 ടോക്കൺ വരെയാണ് ഒരു ദിവസം ജില്ല ആശുപത്രിയിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. അങ്ങനെ ലഭിക്കുന്ന 250 ടോക്കൺ വാങ്ങി മറിച്ചു വില്‍ക്കുന്നവരില്‍ നിന്ന് 100 രൂപ നല്‍കി ടോക്കൺ വാങ്ങിയവർ ഇടിവി ഭാരതിനോട് വിവരങ്ങൾ പങ്കുവെച്ചു. സാധാരണക്കാരുടെ അജ്ഞത മുതലെടുത്താണ് ടോക്കൺ നല്‍കാൻ പണം വാങ്ങുന്നത്.
കൂടുതൽ വായനക്ക്: തീരദേശത്തിന്‍റെ പ്രശ്‌നങ്ങൾക്ക് മുൻഗണനയെന്ന് ആന്‍റണി രാജു
കൃത്യമായി ക്യൂവിൽ നിന്ന് ടോക്കൺ എടുത്തിട്ടും വാക്സിൻ കിട്ടാതെ നിരവധി പേരാണ് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നത്. ഇതിനൊപ്പം ആശുപത്രി ജീവനക്കാരുടെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും ടോക്കൺ ലഭിക്കുന്നതിന് ക്യൂവിലും നിൽക്കേണ്ടെന്നും വാക്‌സിൻ എടുക്കാൻ വന്നവർ പറയുന്നു. പൊതുജനങ്ങൾക്ക് നല്‍കേണ്ട വാക്‌സിൻ ആശുപത്രി ജീവനക്കാരുടെ ബന്ധുക്കൾക്ക് ടോക്കൺ എടുക്കാതെ പിൻവാതില്‍ വഴി നല്‍കുന്നതായും ആരോപണമുണ്ട്. വാക്സിൻ സെന്‍ററിന് മുന്നിൽ എത്തി ഫോൺ ചെയ്താൽ ആശുപത്രി ജീവനക്കാരനായ ബന്ധു പുറത്ത് വന്ന് ആളെ കൂട്ടികൊണ്ട് പോയി വാക്സിൻ നൽകുമെന്നാണ് വാക്‌സിൻ എടുക്കാൻ വന്നവർ ഇടിവി ഭാരതിനോട് പറഞ്ഞത്. ഉപയോഗിച്ച ടോക്കൺ തിരികെ നൽകാതെ ബന്ധുക്കൾക്ക് നൽകി അടുത്ത ദിവസം വാക്സിൻ എടുക്കുന്ന രീതിയും ഇവിടെ നടക്കുന്നുണ്ട്. പരാതിയും തർക്കവും രൂക്ഷമായതോടെ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇന്ന് രാവിലെ മുതല്‍ വാക്‌സിനേഷന് വേണ്ടി പൊതു ജനം തിരക്കു കൂട്ടിയത്. പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസിപി ടിബി വിജയന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് വാക്‌സിൻ വിതരണത്തിലെ തിരിമറി കണ്ടെത്തിയത്. ഇന്ന് ടോക്കൺ ഇല്ലാതെ എത്തിയ മുഴുവൻ ആളുകളെയും പൊലീസ് പറഞ്ഞു വിട്ടു.