കൊല്ലം: കേരളം നടുങ്ങിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 110 പേരുടെ ജീവൻ നഷ്‌ടമാകുകയും ഏഴുനൂറിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌ത വെടിക്കെട്ട് ദുരന്തം 2016 ഏപ്രിൽ 10ന് പുലർച്ചെ 3.11ന് ആയിരുന്നു നടന്നത്. കമ്പത്തിനായി നിറച്ചിരുന്ന വെടി മരുന്നിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. 750ഓളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അതോടൊപ്പം 180 വീടുകളും നിരവധി കിണറുകളും തകർന്നു.
പുറ്റിങ്ങലമ്മയുടെ തിരുനാളായ മീന ഭരണി ദിനത്തിൽ പതിവ് പോലെ ഉത്സവത്തിമിർപ്പിലായിരുന്നു അന്ന് ദേശം. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും വെടിക്കെട്ട് കണ്ടാസ്വദിക്കാൻ ആളുകളെത്തിയിരുന്നു. ആകാശത്ത് അമിട്ടുകളും ഗുണ്ടുകളും പ്രകമ്പനം തീര്‍ക്കുന്നത് ജനം ആസ്വദിക്കുന്നതിനിടെയാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ശരീര ഭാഗങ്ങൾ ചിതറി ചോര ചീറ്റി.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട് യുദ്ധഭൂമി പോലെ ചേതയനയറ്റ ശരീരങ്ങളും ശരീരഭാഗങ്ങൾ നഷ്‌ടപ്പെട്ട നൂറ് കണക്കിന് പേരെയാണ് പിന്നീട് അവിടെ കാണാനായത്. ചെറിയ മുറിവേറ്റവർ തന്നെ ആദ്യം രക്ഷാപ്രവർത്തകരായി. താമസിയാതെ കൂടുതൽ ഫയർഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തത്തി. മൃതദേഹങ്ങളും ശരീരഭാഗങ്ങളും അർദ്ധപ്രാണനായി കിടന്നവരെയും വാരിയെടുത്ത് ആംബുലൻസുകൾ പാഞ്ഞു. മരണസംഖ്യ ഉയർന്നുകൊണ്ടിരുന്നു. എന്നാല്‍ പൊള്ളലേറ്റും പരിക്കേറ്റും ചികിത്സയിലായിരുന്ന പലരും ആശുപത്രികളിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചെറു തീപ്പൊരി കമ്പപ്പുരയിൽ വീണതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. വെടിക്കെട്ട് സാമഗ്രികൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് കോൺക്രീറ്റ് കമ്പപ്പുര തകർന്നത് ദുരന്തത്തിന്‍റെ തീവ്രത വർധിപ്പിച്ചു. കോൺക്രീറ്റ് ചീളുകൾ പതിച്ചാണ് പലർക്കും സാരമായി പരിക്കേറ്റത്. കോൺക്രീറ്റ് ചീളുകൾ രണ്ട് കിലോ മീറ്റർ അപ്പുറത്തേക്ക് പതിച്ചും ആളുകൾ മരിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പരവൂർ കോടതിയിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 52 പേരടങ്ങുന്ന പ്രതി പട്ടികയിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് ഉൾപ്പെട്ടത്. ജസ്റ്റിസ് പി.എസ് ഗോപിനാഥൻ അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷനും സംഭവം അന്വേഷിച്ചിരുന്നു. സർക്കാർ സംവിധാനത്തിനും ഉദ്യോഗസ്ഥർക്കും വലിയ വീഴ്ചയാണ് പറ്റിയതെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയപ്പോൾ ആ വിഭാഗത്തിനെ തൊടാതെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.