കൊല്ലം: വറുതിയുടെ കാലത്ത് പ്രതീക്ഷയുടെ വലയുമായി കടലാഴങ്ങളിലേക്ക് മത്സ്യ ബന്ധന ബോട്ടുകൾ ഇന്ന് കുതിക്കും. 52 ദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷമാണ് അർധരാത്രി മുതൽ ബോട്ടുകൾ കടലിൽ പോകുന്നത്. കൊവിഡ് പ്രതിസന്ധിയും ട്രോളിങ് നിരോധന കാലവും നൽകിയ ദുരിതകാലം മറികടക്കാൻ ബോട്ടുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ പൂർത്തിയാക്കി ഒരുക്കം നടത്തുമ്പോൾ ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് ഉയർന്ന ഇന്ധനവിലയാണ്.
അയ്യായിരത്തോളം യന്ത്രവൽകൃത യാനങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഉയർന്ന ഡീസൽ വില മത്സ്യബന്ധന മേഖലയ്ക്ക് കനത്ത പ്രതിസന്ധിയാണെന്ന് ബോട്ട് ഉടമകൾ പറയുന്നു. പ്രത്യേക പാക്കേജ് എന്ന ആവശ്യവും ഇവർ മുന്നോട്ടുവയ്ക്കുന്നു. സമീപ വർഷങ്ങളിലുണ്ടായ മത്സ്യസമ്പത്തിലെ കുറവും കയറ്റുമതി സാധ്യതയിലുണ്ടായ മങ്ങലും തൊഴിലാളികളിൽ ആശങ്കയുയർത്തുന്നുണ്ട്.