കൊല്ലം:വ്യാജമരുന്ന് നൽകി ചികിത്സ നടത്തി നാട്ടുകാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ വ്യാജ വൈദ്യന്‍മാര്‍ അറസ്റ്റില്‍. കേസിലെ മുഖ്യ പ്രതികളായ തെലങ്കാന ഖമ്മം സ്വദേശികളായ ചെന്നൂരി പ്രസാദ്(34), അനുജൻ ചെന്നൂരി യാലാദ്രി(30) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍, ഏരൂർ, പത്തടി പ്രദേശങ്ങളിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചെന്നൂരി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള ലാട വൈദ്യസംഘം നാഡീ ചികിത്സയുടെ മറവില്‍ നിരവധി ആളുകൾക്ക് അമിത അളവില്‍ മെര്‍ക്കുറി ചേര്‍ത്ത മരുന്നുകള്‍ നല്‍കി ചികിത്സ നടത്തുകയായിരുന്നു. ചികിത്സ നടത്തിയവരില്‍ നാലുവയസുകാരന്‍ അടക്കം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് എത്ര പഴക്കം ചെന്ന രോഗങ്ങളും മാറ്റി നല്‍കുമെന്ന് തെറ്റിദ്ധരിപ്പിച്ച് പലരില്‍ നിന്നുമായി സംഘം ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തിയത്. ഇതോടെ പ്രതികൾ ഒളിവില്‍ പോകുകയായിരുന്നു.
അഞ്ചലിൽ ലക്ഷങ്ങൾ തട്ടി ചികിത്സ നടത്തിയ വ്യാജ വൈദ്യന്മാർ അറസ്റ്റിൽ - kollam
ചികിത്സ നടത്തിയവരില്‍ നാലുവയസുകാരന്‍ അടക്കം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.
ഇവരുടെ സംഘത്തിലെ ചിലരെ ഒരു മാസം മുമ്പ് പൊലീസ് കോട്ടയത്തെ പാലായില്‍ നിന്നും പിടികൂടിയിരുന്നു. എന്നാല്‍ പ്രധാനികളായ പ്രസാദും യാലാദ്രിയും ഒളിവില്‍ പോവുകയായിരുന്നു. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ സംഘം സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയ പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന വിവരം മനസിലാക്കിയ പൊലീസ് ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ഒടുവില്‍ പുനലൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏരൂർ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ സുഭാഷ് കുമാർ, സബ് ഇന്‍സ്‌പെക്‌ടർ സജികുമാർ, സി.പി.ഒ മാരായ അഭീഷ്, അനസ്, അജയകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.