കൊല്ലം :കൊല്ലം നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയ നാല് പേരെ എക്‌സൈസ് പിടികൂടി. ഉമയനലൂർ സ്വദേശി ലീന(33), കിളികൊല്ലൂർ സ്വദേശി ശ്രീജിത്ത് (27), ആശ്രാമം സൂര്യമുക്ക് സ്വദേശി ദീപു (28), ആശ്രാമം കാവടിപ്പുറം സ്വദേശി ദീപു(26) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഫ്ലാറ്റിലെ മറ്റ് ചില താമസക്കാർക്കെതിരെയും അന്വേഷണം നടക്കുന്നു.
ഒന്നാം തിയ്യതി വൈകിട്ട് ഫ്ലാറ്റിൽ നിന്ന് പാട്ടും, നൃത്തവും അസഹ്യമായതോടെ സ്ഥലവാസികൾ എക്സൈസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘത്തിന് നേരെ ലഹരിയിൽ ആയിരുന്ന യുവാക്കൾ ആക്രമണത്തിന് ശ്രമിച്ചു. കൂടുതൽ ഉദ്യോഗസ്ഥർ എത്തിയതോടെ സംഘം മയക്കുമരുന്ന് ടോയ്‌ലറ്റില്‍ നിക്ഷേപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പ്രതികൾ
അത് വിഫലമായതോടെ മയക്കുമരുന്നുമായി പിടിയിലാകുന്നതൊഴിവാക്കാനായി രണ്ട് യുവാക്കൾ ഫ്ലാറ്റിന്‍റെ പിൻവാതിൽ വഴി മൂന്ന് നില കെട്ടിടത്തിന്‍റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്സൈസ് പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടു. പരിക്കേറ്റയാളുടെ ദേഹപരിശോധനയിൽ മാരക മയക്ക് മരുന്നായ എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് ഫ്ലാറ്റിൽ നിന്നും, യുവാക്കൾ ഉപയോഗിച്ച സ്കൂട്ടറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി.
പിടികൂടിയത് മാരക മയക്കുമരുന്നായ എംഡിഎംഎ
പിടിയിലായവരിൽ പലരുടേയും പേരിൽ നേരത്തെയും മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പിടിയിലായ ലീന നഗരത്തിലെ പ്രധാന ലഹരി ഏജന്‍റാണ്. എക്‌സ്റ്റസി, മോളി എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന എംഡിഎംഎ മനുഷ്യന്‍റെ ബോധമനസിനെ നശിപ്പിച്ച് മരണത്തിലേക്ക് പോലും നയിക്കും. എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം പരമാവധി 20 വർഷം വരെ കഠിന തടവും 2 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത് കൈവശം വയ്ക്കുന്നത്.
ഓപ്പറേഷൻ മോളിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊല്ലം ആന്‍റി നർക്കോട്ടിക് സ്ക്വാഡിലെ സി.ഐ എസ്. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫിസർ മനോജ് ലാൽ, സിഇഒ മാരായ ശ്രീനാഥ്, ജൂലിയൻ ക്രോസ്, അഭിലാഷ്, മിഥുൻ, ബീന, നിഷ മോൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്.