കൊല്ലം: ലോക്‌ഡൗണുമായി ബന്ധപ്പെട്ട നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൊല്ലത്ത് ഡ്രോൺ നിരീക്ഷണത്തിന് തുടക്കമായി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് നിരീക്ഷണം നടക്കുന്നതെന്ന് റൂറല്‍ പൊലീസ് മേധാവി അറിയിച്ചു.
കൊല്ലം ജില്ലയില്‍ ഡ്രോൺ നിരീക്ഷണത്തിന് തുടക്കം
ലോക്‌ഡൗൺ വിലക്കുകൾ ലംഘിക്കുന്നവരെ പിടികൂടാനാണ് 'ഒപ്പം' എന്ന സംഘടനയുടെ സഹായത്തോടെ ഡ്രോൺ സംവിധാനം ഒരുക്കിയത്.
കൊട്ടാരക്കര ടൗണില്‍ നിരീക്ഷണം നടത്തിയാണ് ഡ്രോണ്‍ സംവിധാനത്തിന് റൂറല്‍ ജില്ലയിൽ തുടക്കം കുറിച്ചത്. നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്.പി ഹരിശങ്കര്‍ അറിയിച്ചു.
ഒപ്പം എന്ന സംഘടനയിലെ വിദഗ്‌ധരാണ് ഡ്രോൺ ഓപ്പറേറ്റ് ചെയ്യുന്നത്. നാല് കിലോമീറ്റർ ചുറ്റളവിനുള്ളിലെ ആകാശ നിരീക്ഷണ കാഴ്‌ചകൾ വ്യക്തതയോടെ പൊലീസിന് മനസിലാക്കാൻ സാധിക്കുമെന്ന് ഡ്രോൺ ഓപ്പറേറ്റേഴ്‌സ് പറയുന്നു. 24 മണിക്കൂറും ജില്ലയിലെ പ്രധാന കവലകളിലെല്ലാം പൊലീസ് സാന്നിദ്ധ്യമുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ ആളുകൾ കൂട്ടമായി വിലക്കുകൾ ലംഘിക്കുന്നത് തിരിച്ചറിയാൻ ഡ്രോൺ പ്രയോജനപ്പെടുത്തും. എല്ലാ സ്റ്റേഷനിലേയും സിഐയുടെ നേതൃത്വത്തിലാകും ഡ്രോൺ നിരീക്ഷണം ശക്തമാക്കുകയെന്ന് റൂറൽ പോലീസ് മേധാവി അറിയിച്ചു.