കൊല്ലം: തമിഴ്‌നാട്ടില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ കേരള - തമിഴനാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ കേരള പോലീസ് പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കി. പൊലീസിനൊപ്പം ആരോഗ്യ വകുപ്പും റവന്യു അധികൃതരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവഴി എത്തുന്ന മുഴുവന്‍ വാഹനങ്ങളും തടഞ്ഞു നിര്‍ത്തി കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. അവശ്യ സാധനങ്ങള്‍ക്കായി കേരളത്തില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ക്ക് പാസ് നല്‍കി കടത്തി വിടും. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന തെങ്കാശി ജില്ലയില്‍ രണ്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധം; ആര്യങ്കാവില്‍ പരിശോധന ശക്തം
കൊവിഡ് 19 വ്യാപനം ശക്തമായതോടെ കേരള- തമിഴ്‌നാട് അതിർത്തിയായ ആര്യങ്കാവില്‍ കേരള പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി.
നിസാമുദീന്‍ സമ്മേളനം കഴിഞ്ഞെത്തിയ കുറ്റാലം, പുളിയങ്കുടി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ആര്യങ്കാവില്‍ പരിശോധന കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പരിശോധന വിലയിരുത്തുന്നതിനായി കൊല്ലം റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ ആര്യങ്കാവില്‍ എത്തി. സ്ഥിഗതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാണ് മടങ്ങിയത്. പരിശോധനയില്‍ യാതൊരുവിധ വിട്ടുവീഴ്‌ചയും പാടില്ലെന്ന് നിര്‍ദേശിച്ച റൂറല്‍ എസ്.പി പരിശോധനയ്‌ക്കുള്ള ഉദ്യോഗസ്ഥര്‍ കൈയുറയും മാസ്കും നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശിച്ചു. അതിര്‍ത്തി വഴി എത്തുന്ന മുഴുവന്‍ അന്യസംസ്ഥാനക്കാരുടെയും രജിസ്റ്റര്‍ എഴുതി സൂക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 108 ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.