കൊല്ലം: രക്തസാക്ഷി സ്‌മാരകത്തിന് പിരിവ് നല്‍കാത്തതിന് പ്രവാസി നിക്ഷേപകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. പത്ത് വർഷമായി അമേരിക്കയിൽ വെൽഡിങ് ജോലി നോക്കുന്ന മൈനാഗപള്ളി കോവൂർ മായാവിലാസത്തിൽ ഷഹി വിജയൻ്റെ ഭാര്യ ഷൈനിയാണ് ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനും കൃഷി ഓഫിസർക്കുമെതിരെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകിയത്.
അമേരിക്കയിൽ താമസിക്കുന്ന പ്രവാസി കുടുംബം ചവറ മുഖംമൂടിമുക്കിൽ കൺവൻഷൻ സെന്‍റര്‍ നിർമിച്ചിച്ചിരുന്നു. ഇതിന്‍റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പാർട്ടി നിർമിക്കുന്ന ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിനായി പതിനായിരം രൂപ ബ്രാഞ്ച് സെക്രട്ടറി ചോദിച്ചിരുന്നു. ഇത് നൽകാത്തതാണ് കൊടി കുത്തൽ ഭീഷണി നടത്താൻ കാരണമെന്നാണ് ആരോപണം.
സ്ഥാപനത്തിനോട് ചേർന്നുള്ള സ്ഥലം തരംമാറ്റാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതിന്‍റെ ശബ്‌ദരേഖ പുറത്ത് വിട്ടു. ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കാൻ നിയമാനുസൃതം അപേക്ഷിച്ചിട്ടും നടപടിയെടുത്തില്ലെന്നും സിപിഎം നേതാവും കൃഷി ഓഫിസറും ചേർന്ന് തടസം സൃഷ്‌ടിക്കുകയാണെന്നും ഷഹി പറയുന്നു.
അതേസമയം, പാർട്ടി ഫണ്ട് ചോദിച്ചിട്ടില്ലെന്നും ഫണ്ടിലേക്ക് 10,000 രൂപ തരാമെന്ന് പറഞ്ഞെങ്കിലും അത് നിരസിക്കുകയാണുണ്ടായതെന്നും ബ്രാഞ്ച് സെക്രട്ടറി ബിജു പറഞ്ഞു. 26 സെൻ്റ് വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട് പരാതി വന്നപ്പോഴാണ് ഇടപ്പെട്ടതെന്നും കൺവെൻഷൻ സെൻ്റര്‍ പണിയുന്നിടത്തെ മണ്ണ് കൊണ്ട് വന്ന് വയലിൽ ഇട്ട് നികത്തിയെന്നും ബിജു വ്യക്തമാക്കി.
Also read: പ്രവാസി സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി