കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. കടക്കൽ ഹോട്ട്സ്പോട്ട് പ്രദേശത്ത് നിന്നും വന്നതാണെന്ന് ആരോപിച്ചാണ് ഡോക്ടർ ചികിത്സ നിഷേധിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിന് യുവതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. ചടയമംഗലം സ്വദേശികളായ അനുജയും ഭർത്താവ് ശ്രീജിത്തും ആണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരായി പരാതി നൽകിയിരിക്കുന്നത്. നാല് മാസം ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി കടുത്ത വയറുവേദന മൂലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറെ കാണാൻ എത്തിയതായിരുന്നു യുവതിയും ഭർത്താവും. തങ്ങൾ ചടയമംഗലം സ്വദേശികളാണെന്നും പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ നിർദേശപ്രകാരമാണ് എത്തിയതെന്നും അറിയിച്ചിട്ടും ഡോക്ടർ കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് ഗർഭിണിയായ അനുജ പറഞ്ഞു. തുടർച്ചയായി അപേക്ഷിച്ചതിനെ തുടർന്ന് സ്കാൻ ചെയ്യാനായി തന്ന ഡോക്ടറിന്‍റെ കുറിപ്പ് തന്‍റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു തരികയായിരുന്നെന്നും അനുജ പറഞ്ഞു.
എന്നാൽ സംഭവത്തിൽ ചികിത്സ നിഷേധിച്ചില്ലെന്നും വയറുവേദനയുമായി വന്ന ഗർഭിണിയായ യുവതിക്ക് കുറിച്ച് നൽകിയ സ്കാനിംഗ് റിസൾട്ട് കൊണ്ടുവന്ന് കാണിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു. അതേസമയം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നാല് മാസം വരെയും ചികിത്സ ലഭ്യമായിരുന്ന യുവതിക്ക് ആശുപത്രി അടച്ചതിനാലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതെന്ന് ആർഎംഒ ഡോ. മെറീന പറഞ്ഞു.