കൊല്ലം: ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ബുള്ളറ്റിലെത്തിയ ഹര്‍ത്താല്‍ അനുകൂലി ഇടിച്ചു തെറിപ്പിച്ചു. ബൈക്കില്‍ നിന്നു വീണ് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരനായ സി.പി ആന്‍റണി, കൊല്ലം എ.ആര്‍ ക്യാമ്പില്‍ നിന്നും ഡ്യൂട്ടിക്കെത്തിയ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊല്ലത്ത് ഹര്‍ത്താല്‍ അക്രമാസക്തം; ബൈക്കിലെത്തിയ സംഘം പൊലീസുകാരെ ഇടിച്ചു, കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് ഇവരില്‍ സി.പി.ഒ ആന്‍റണിയുടെ മുഖത്താണ് പരിക്കേറ്റത്. വെള്ളിയാഴ്‌ച(23.09.2022) രാവിലെ എട്ട് മണിയോടെ ദേശീയ പാതയില്‍ കൊല്ലുര്‍ വിളപള്ളിമുക്കിലായിരുന്നു സംഭവം. ബുള്ളറ്റില്‍ വന്ന് റോഡിലൂടെ പോകുന്നവരെ അസഭ്യവര്‍ഷം നടത്തി പോകുകയായിരുന്ന ഹര്‍ത്താല്‍ അനുകൂലിയെ തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാര്‍ സഞ്ചരിച്ച ബൈക്കില്‍ ബുള്ളറ്റു കൊണ്ടിടിച്ചത്.
കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്:അക്രമിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ പൊലീസുകാരെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് പാലത്തറയിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരശേഖരണം നടത്തി.
രാവിലെ ഏഴ് മണിയോടെ ദേശീയപാതയില്‍ തട്ടാമല സ്‌കൂളിനടുത്ത് തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന്‍റെ ഗ്ലാസും, കൊല്ലം-ആയൂര്‍ സംസ്ഥാന ഹൈവേയില്‍ അയത്തില്‍ രണ്ടാം നമ്പര്‍ ജങ്‌ഷനില്‍ കുളത്തൂപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി വേണാട് ബസിന്‍റെ ഗ്ലാസും എറിഞ്ഞുതകര്‍ത്തു. കൊല്ലൂര്‍വിള പള്ളിമുക്കില്‍ പൊലീസ് സഹായം തേടിയ സ്‌ത്രീയെ പൊലീസ് കെ.എസ്.ആര്‍.ടി.സി.ബസില്‍ കയറ്റി വിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ് പൊലീസ് പള്ളിമുക്കില്‍ തടഞ്ഞിട്ട ശേഷം മറ്റ് വാഹനങ്ങള്‍ക്കൊപ്പം കോണ്‍വോയ് ആയി കടത്തിവിടുകയായിരുന്നു. മിക്ക സ്ഥലങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.