കൊല്ലം : ചെറുപ്പകാലത്ത് ഉത്സവപ്പറമ്പുകളിൽ പോയിത്തുടങ്ങിയത് മുതലാണ് എഴുകോൺ സ്വദേശി അജിന് ഫ്ലോട്ടുകളിൽ കമ്പമുണ്ടാകുന്നത്. അജിൻ വലുതായപ്പോള്‍ ആ കൗതുകവും അവനൊപ്പം വളര്‍ന്നു. അങ്ങനെയാണ് മിനിയേച്ചർ ഫ്ലോട്ടുകള്‍ നിർമിക്കാൻ തുടങ്ങിയത്. എന്നാൽ ആ താല്‍പ്പര്യം അവിടെയും നിന്നില്ല.
പുരാണ സന്ദർഭങ്ങൾ മിനിയേച്ചർ ഫ്ളോട്ടുകളായി അവതരിപ്പിക്കുന്നതിലേക്ക് അജിന്‍ ശ്രദ്ധയൂന്നി. ഒടുവില്‍ ഇത്തരമൊരു കരവിരുതുള്ള ഏഷ്യയിലെ ആദ്യ കലാകാരൻ എന്ന ബഹുമതി അജിനെ തേടിയെത്തി. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടി.
ഉത്സവ ഫ്‌ളോട്ട് മേഖലയിലെ പ്രമുഖർ നിർമിച്ച ഫ്ളോട്ടുകൾ ചെറിയ രൂപത്തിൽ നിർമിച്ചാണ് അജിൻ രണ്ട് റെക്കോർഡുകൾ കരസ്ഥമാക്കിയത്. പത്താം ക്ലാസ് മുതലാണ് ഫ്‌ളോട്ട് നിർമാണം തുടങ്ങിയത്. ചെറുപ്പം മുതൽ ഫ്ലോട്ടുകളുടെ മിനിയേച്ചർ നിർമിക്കുമെങ്കിലും ലോക്ക്ഡൗണില്‍ തയ്യാറാക്കിയവയ്ക്കാണ് അംഗീകാരങ്ങള്‍ ലഭിച്ചത്.