കൊല്ലം: രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. സമ്പര്‍ക്കം വഴി 45 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 89 പേര്‍ രോഗമുക്തി നേടി. അതിനിടെ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം സ്‌തംഭിക്കുന്നത് ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങള്‍ മൈക്രോതലത്തിൽ ആവണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മാസ്‌ക് ധരിക്കാത്തതും നിയന്ത്രണങ്ങള്‍ പാലിക്കാത്തതും കര്‍ശന നടപടിക്ക് വിധേയമാവണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കൊല്ലത്ത് 48 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊല്ലം കൊവിഡ് കേസുകൾ
മാസ്‌ക് ധരിക്കാത്തതും നിയന്ത്രണങ്ങള്‍ പാലിക്കാത്തതും കര്‍ശന നടപടിക്ക് വിധേയമാവണമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കൊവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച ഉന്നതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിരക്ക് കൂടി പരിഗണിച്ച് കടകള്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കുന്നത് പരിഗണിക്കാം. എന്നാല്‍ ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ സന്ദര്‍ശകര്‍ കടകളില്‍ പാടില്ല. കടകളിലെ സ്ഥലം അനുസരിച്ച് പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കടയുടമകള്‍ പാലിക്കണം. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ നടപടി വേണം. കണ്ടെയ്‌മെന്‍റ് മേഖലകളില്‍ ചില കടകള്‍ തുറക്കാന്‍ സാധിക്കണം. പൊലീസ് ഇക്കാര്യം പരിശോധിച്ച് ഉചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
നിയന്ത്രണങ്ങളില്‍ അയവ് വരുമ്പോള്‍ വഴിയോര കച്ചവടം അവകാശമായി ആരും കാണരുത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം കച്ചവട സ്ഥലങ്ങള്‍ രൂപപ്പെടേണ്ടത്. ജില്ലാ കലക്‌ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന ചുമതലയുള്ളവര്‍ പൊലീസ് എന്നിവരുടെ കൂടിയാലോചനയിലൂടെ മാത്രമാവണം കച്ചവട സ്ഥലങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.