കാസര്‍കോട്:ഉദുമ ഗ്രാമപഞ്ചായത്തിലെ ബേക്കല്‍ ഉള്‍പ്പെടെ തീരപ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷിക്കാന്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തീരദേശ ക്യാമ്പിന്‍റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ ബേക്കലിലെ തീരദേശത്തെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ(Womens Commission Visit Kasargod Udma Coastal Area).
തീരദേശ മേഖല നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ബേക്കലും നേരിടുന്നുണ്ട്. കടല്‍ക്ഷോഭത്തിന്‍റെ ദുരിതം അധികമായും അനുഭവിക്കുന്നത് സ്ത്രീകളാണ്. തീരദേശമേഖലയിലെ കിടപ്പുരോഗികളായ സ്ത്രീകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നടപടികളും വനിതാ കമ്മിഷന്‍ സ്വീകരിക്കും. തീരദേശ മേഖലയില്‍ കിടപ്പുരോഗികളുടെ രോഗപരിചരണത്തിനായി വാഹന ഗതാഗത സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. വീടുകള്‍ തമ്മിലുള്ള അകലം വളരെ കുറവായതിനാല്‍ സമീപ വാസികള്‍ സഹകരിച്ചാല്‍ മാത്രമേ എല്ലാ വീടുകളുടെയും പരിസരത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയു.